ട്വൽത്ത് മാനും ആർആർആറും മുതൽ സോംബി ചിത്രം വരെ; ഒടിടി റിലീസ് അപ്‌ഡേറ്റ്..!

0

മണിക്കൂറുകൾക്കകം ഈ ചിത്രങ്ങൾ ഒടിടിയിൽ എത്തുന്നു…

ഒടിടിയിൽ സിനിമകൾ ആസ്വദിക്കുന്ന പ്രേക്ഷകർക്ക് വലിയ രീതിയിലുള്ള ആഘോഷകാഴ്ചകൾ ഒരുങ്ങുന്ന ദിവസമാണ് നാളെ (മെയ് 20) എന്ന് നിസംശയം പറയാം. നിരവധി ചിത്രങ്ങൾ ആണ് വിവിധ ഒടിടി പ്ലാറ്റ്ഫോമുകളിൽ റിലീസിന് തയ്യാറായിരിക്കുന്നത്. മലയാളത്തിന്റെ സൂപ്പർതാരം മോഹൻലാൽ ചിത്രം മുതൽ രാജമൗലിയുടെ ബ്രഹ്മാണ്ഡ ചിത്രം ആർആർആർ വരെ അണിനിരക്കുന്നുണ്ട് റിലീസിനായി.

മോഹൻലാൽ – ജീത്തു ജോസഫ് ടീമിന്റെ ‘ട്വൽത്ത് മാൻ’ ആണ് മലയാളി പ്രേക്ഷകർ കാത്തിരിക്കുന്ന ഒടിടി റിലീസ്. മോഹൻലാലിന്റെ പിറന്നാൾ ദിനമായ മെയ് 21ന് ഒരു ദിവസം മുന്നേ എത്തുന്ന ചിത്രം ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിൽ ആണ് സ്‌ട്രീം ചെയ്യുന്നത്. ജൂനിയർ എൻടിആർ, രാം ചരൺ എന്നിവരെ നായകന്മാർ ആക്കി എസ് എസ് രാജമൗലി ഒരുക്കിയ ആർആർആർ ആകട്ടെ തീയേറ്ററുകളിൽ നേടിയ അതിഗംഭീര വിജയത്തിന്റെ തിളക്കത്തിൽ ആണ് ഒടിടിയിൽ എത്തുന്നത്. ഇന്ത്യ ഒട്ടാകെ പ്രേക്ഷകർ കാത്തിരിക്കുന്ന ചിത്രമാണ് ഇത്. നെറ്റ്ഫ്ലിക്‌സ്, സീ5 എന്നീ പ്ലാറ്റ്ഫോമുകളിൽ ആണ് ചിത്രം എത്തുന്നത്. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിൽ ആണ് സീ5 ചിത്രം സ്‌ട്രീം ചെയ്യുക. നെറ്റ്ഫ്ലിക്സിൽ ഹിന്ദിയും ഇംഗ്ലീഷും മറ്റ് ഭാഷകളിലും ചിത്രം സ്‌ട്രീം ചെയ്യും.

ചിരഞ്ജീവി, രാം ചരൺ എന്നിവർ കേന്ദ്രകഥാപാത്രങ്ങളായി എത്തിയ ആചാര്യ ആണ് ഒടിടിയിൽ എത്തുന്ന മറ്റൊരു ചിത്രം. പ്രൈം വീഡിയോയിൽ ആണ് ചിത്രം സ്‌ട്രീം ചെയ്യുന്നത്. പൂജ ഹെഗ്‌ഡെ നായികയായ ആയ ചിത്രം ഏപ്രിൽ 29ന് തീയേറ്ററുകളിൽ എത്തിയ ചിത്രമായിരുന്നു. ഷാഹിദ് കപൂർ നായകനായി എത്തിയ ജേഴ്‌സി ആണ് ബോളിവുഡിന്റെ ഒടിടി റിലീസ് ചിത്രം. നെറ്റ്ഫ്ലിക്സിൽ ആണ് ഈ ചിത്രം എത്തുന്നത്.

ഹോട്ട്സ്റ്റാറിൽ നാളെ റിലീസിന് ഒരുങ്ങുന്ന മറ്റൊരു ചിത്രമാണ് ഭല തണ്ഡാനന. ചൈതന്യ ദന്ത്ലുൻ സംവിധാനം ചെയ്ത ഈ തെലുങ്ക് ആക്ഷൻ ത്രില്ലറിൽ ശ്രീ വിഷ്ണു, കാതറിൻ ട്രീസ, രാമചന്ദ്ര രാജു എന്നിവർ ആണ് കേന്ദ്രകഥാപാത്രങ്ങൾ ആകുന്നത്. മറാത്തി ഭാഷയിൽ നിന്ന് എത്തുന്ന ഒരു സോമ്പി കോമഡി ചിത്രവും നാളെ റിലീസിന് എത്തുന്നുണ്ട്. സോംബിവിലി എന്ന ഈ ചിത്രം സീ5 ൽ ആണ് റിലീസ് ചെയ്യുന്നത്.