ലൂസിഫർ റീമേക്ക് ആയ ‘ഗോഡ്ഫാദറി’ന്റെ ഫസ്റ്റ് ലുക്ക് എത്തി; വീഡിയോയും പുറത്ത്…

മലയാളത്തിന്റെ എക്കാലത്തെയും വമ്പൻ വിജയങ്ങളിൽ ഒന്നായി മാറിയ ‘ലൂസിഫർ’ തെലുങ്കിൽ ചിരഞ്ജീവിയെ നായകനാക്കി സംവിധായകൻ മോഹൻരാജ ഒരുക്കുകയാണ്. ‘ഗോഡ്ഫാദർ’ എന്ന് ടൈറ്റിൽ നൽകിയിരിക്കുന്ന ഈ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും ഇൻട്രോ വീഡിയോയും നിർമ്മാതാക്കൾ ഇന്ന് പുറത്തുവിട്ടിരിക്കുകയാണ്. സാൾട്ട് ആൻഡ് പെപ്പർ ലുക്കിൽ ആണ് ചിരഞ്ജീവി ഫസ്റ്റ് ലുക്ക് പോസ്റ്ററിലും ഇൻട്രോ വീഡിയോയിലും പ്രത്യേക്ഷപ്പെടുന്നത്.
ആയിരക്കണക്കിന് പാർട്ടി പ്രവർത്തകർ ഓഫീസിന് പുറത്ത് കാത്തിരിക്കുമ്പോൾ, ഒരു അംബാസിഡർ കാറിൽ ചിരഞ്ജീവി വരുന്ന ദൃശ്യത്തോടെ ആണ് നിർമ്മാതാക്കൾ പുറത്തുവിട്ട ഇൻട്രോ വീഡിയോ ആരംഭിക്കുന്നത്. നടൻ സുനിൽ ചിരഞ്ജീവിയുടെ സഹായി ആയി കാറിന്റെ വാതിൽ തുറന്ന് നൽകുന്നു. ശേഷം വളരെ ഗൗരവ ഭാവത്തോടെ ചിരഞ്ജീവി കാറിൽ നിന്ന് ഇറങ്ങി നടന്ന് നീങ്ങുന്നത് ആണ് ദൃശ്യങ്ങളിൽ കാണാൻ കഴിയുന്നത്. ലൂസിഫറിലെ മോഹൻലാലിന്റെ ഇൻട്രോ സീനിന്റെ തെലുങ്ക് പതിപ്പ് ആണ് ഇതെന്ന് പറയാം. വീഡിയോ കാണാം:
എസ് എസ് തമൻ ആണ് ചിത്രത്തിന് പശ്ചാത്തല സംഗീതം ഒരുക്കുന്നത്. വമ്പൻ ക്യാൻവാസിൽ ഒരുങ്ങുന്ന ചിത്രം ആർ ബി ചൗധരിയും എൻ വി പ്രസാദും ചേർന്ന് ആണ് നിർമ്മിക്കുന്നത്. ബോളിവുഡ് സൂപ്പർതാരം സൽമാൻ ഖാന്റെ തെലുങ്ക് സിനിമാ അരങ്ങേറ്റവും ഈ ചിത്രത്തിലൂടെ യാഥാർഥ്യമാകും. വളരെ പ്രാധാന്യമേറിയ ഒരു റോളിൽ ആണ് അദ്ദേഹം എത്തുന്നത്. ലൂസിഫറിൽ പൃഥ്വിരാജ് ചെയ്ത കഥാപാത്രത്തെ ആണ് അദ്ദേഹം അവതരിപ്പിക്കുന്നത് എന്നാണ് റിപ്പോർട്ട്. നയൻതാര ആണ് ചിത്രത്തിൽ നായികാ വേഷത്തിൽ എത്തുന്നത്.