കിംഗ് ഖാന്റെ ഡോണിന് മൂന്നാം ഭാഗം; തിരക്കഥ തയ്യാറാകുന്നു…
അമിതാഭ് ബച്ചന്റെ ക്ലാസിക് ഹിറ്റിന്റെ ഔദ്യോഗിക റീമേക്ക് എന്ന വിശേഷണത്തോടെ 2006ൽ എത്തിയ ചിത്രമാണ് ഷാരൂഖ് ഖാന്റെ ഡോൺ. ഫർഹാൻ അക്തർ സംവിധാനം ചെയ്ത ഈ ചിത്രത്തിന് 2011ൽ ഒരു രണ്ടാം ഭാഗവും ഉണ്ടായി. ഒരുക്കൽ കൂടി കിംഗ് ഖാൻ ‘ഡോൺ’ ആകും എന്ന വാർത്ത ആണ് ഇപ്പോൾ പുറത്തുവരുന്നത്. ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ലെങ്കിലും പിങ്ക് വില്ല എന്ന ബോളിവുഡ് പോർട്ടൽ ഡോണിന്റെ മൂന്നാം ഭാഗം ഒരുങ്ങുന്നു എന്ന് റിപ്പോർട്ട് ചെയ്തിരിക്കുക ആണ്.
‘ഡോൺ 3’യുടെ തിരക്കഥയിൽ ഫർഹാൻ അക്തർ പ്രവർത്തിക്കാൻ തുടങ്ങിയിട്ടുണ്ട് എന്ന് പിങ്ക് വില്ല റിപ്പോർട്ട് ചെയ്യുന്നു. തിരക്കഥ പൂർത്തിയായതിന് ശേഷം അദ്ദേഹം ഷാരൂഖ് ഖാനെ സമീപിക്കും എന്നും പിങ്ക് വില്ല സൂചിപ്പിക്കുന്നു. 1978ലെ അമിതാബ് ബച്ചൻ ചിത്രമായ ഒറിജിനൽ ഡോണിന് തിരക്കഥ ഒരുക്കിയത് ഫർഹാന്റെ പിതാവ് ജാവേദ് അക്തർ ആയിരുന്നു. അദ്ദേഹവുമായി ഡോൺ 3 യെ പറ്റി ജാവേദ് ചർച്ച നടത്തിയത് ആയും പിങ്ക് വില്ല വെളിപ്പെടുത്തി.
ഫർഹന്റെ നിർമ്മാണ കമ്പനിയായ എക്സൽ ആണ് ഡോൺ നിർമ്മിച്ചത്. നിർമ്മാണ കമ്പനിയിലെ എല്ലാവർക്കും തന്നെ വലിയ താൽപര്യമാണ് ഈ ചിത്രം എന്നും ഡോൺ മൂന്നിന് ആയി വളരെ പരിശ്രമങ്ങൾ മുൻപ് ഉണ്ടായതായും മുന്നോട്ട് പോകാതെ ഇരുന്നത് പുതുമയുടെ അഭാവത്തിൽ ആണെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്. എന്നാൽ ഇപ്പോൾ ആവേശകരവും അതേസമയം ഫ്രാഞ്ചൈസിയെ അടുത്ത തലത്തിലേക്ക് ഉയർത്തുന്നതുമായ ഒരു ആശയത്തിലേക്ക് ടീം ഒടുവിൽ എത്തിച്ചേർന്നിരിക്കുന്നു എന്നുമുള്ള വിവരങ്ങൾ ആണ് പിങ്ക് വില്ല പങ്കുവെച്ചിരിക്കുന്നത്.
അടുത്തയിടെ ഡോൺ 3 പലകാരണങ്ങൾ കൊണ്ട് വാർത്തകളിൽ നിറയുന്നുണ്ടായിരുന്നു. സ്റ്റുഡി റൂമിൽ എഴുത്തിൽ മുഴുകിയിരിക്കുന്ന ഫർഹാന്റെ ചിത്രം ഡോണിന്റെ നിർമ്മാണത്തിൽ പങ്കാളിയായ റിതേഷ് സിദ്ധവാനി സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരുന്നു. റിതേഷ് നൽകിയ ക്യാപ്ഷനിൽ എന്തായിരിക്കും ഫർഹാൻ എഴുതുന്നത് എന്ന് ഊഹിക്കാൻ പറ്റുന്നോ എന്നും ചോദിക്കുന്നുണ്ട്. ഇത് ഡോണ്‍ എന്ന് മാധ്യമങ്ങളും ആരാധകരും ഒരേ പോലെ ഉത്തരം പറഞ്ഞു. കൂടാതെ, അമിതാബ് ബച്ചന്റെ ഒരു സോഷ്യല്‍ മീഡിയ പോസ്റ്റിലും ഡോണിന്റെ സൂചനകള്‍ നിറഞ്ഞു നിന്നു. ഇതെല്ലം ഡോണ്‍ 3 യിലേക്ക് ആണ് വിരല്‍ ചൂണ്ടിയത്.