അടുത്തത് ഏത്? മോഹൻലാൽ ചിത്രങ്ങളുടെ അപ്‌ഡേറ്റ്സിനായി കാത്ത് ആരാധകർ…
ഈ വർഷം രണ്ട് മോഹൻലാൽ ചിത്രങ്ങൾ ആണ് പ്രേക്ഷകർക്ക് മുന്നിൽ എത്തിയത്. തിയേറ്റർ റിലീസ് ആയി ബി ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്ത ‘ആറാട്ടും’ ഒടിടി റിലീസ് ആയി പൃഥ്വിരാജ് സംവിധാനം ചെയ്ത ‘ബ്രോ ഡാഡി’യും ആണ് ഈ വർഷം റിലീസ് ആയ മോഹൻലാൽ ചിത്രങ്ങൾ. പൂർത്തിയായ മൂന്ന് മോഹൻലാൽ ചിത്രങ്ങൾ റിലീസിനായി തയ്യാറായും നിൽക്കുന്നുണ്ട്. അത് കൊണ്ട് തന്നെ ഈ ചിത്രങ്ങളുടെ അപ്ഡേറ്റ്സിനായി കാത്തിരിക്കുക ആണ് പ്രേക്ഷകർ.
എലോൺ, ട്വല്‍ത്ത് മാന്‍, മോൺസ്റ്റർ എന്നീ ചിത്രങ്ങൾ ആണ് പൂർത്തിയായ മോഹൻലാൽ ചിത്രങ്ങൾ. ഒടിടി പ്ലാറ്റ്ഫോമുകളിലും തിയേറ്ററുകളിലുമായി ഈ ചിത്രങ്ങൾ എത്തും എന്നാണ് പ്രതീക്ഷിക്കുന്നത്. ഈ മാസം ഇതിൽ ഒരു മോഹൻലാൽ ചിത്രം റിലീസ് ആകും എന്ന പ്രതീക്ഷയിൽ ആയിരുന്നു ആരാധകർ. എന്നാൽ ഇത് വരെയും ഒരു ചിത്രത്തിന്റെയും റിലീസ് സംബന്ധമായ വിവരങ്ങൾ പുറത്തുവന്നിട്ടില്ല.
ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ ആണ് ഈ മൂന്ന് ചിത്രങ്ങളും നിർമ്മിച്ചിരിക്കുന്നത്. ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ‘ട്വല്‍ത്ത് മാന്‍’ എന്ന ചിത്രം വിഷു റിലീസ് ആയി ഒടിടിയിൽ എത്തും എന്നാണ് പ്രതീക്ഷിച്ചിരുന്നത്. കെ.ആർ.കൃഷ്ണകുമാർ തിരക്കഥ രചിച്ച ഈ ചിത്രം ഒരു ത്രില്ലർ ആണ്. വിഷു റിലീസ് പ്രതീക്ഷിച്ചിരുന്ന ചിത്രത്തിന്റെ റിലീസ് മാറ്റിയതായി ആണ് ഏറ്റവും പുതിയ വിവരം.
ഷാജി കൈലാസിന്റെ എലോണും ഒടിടി റിലീസ് പ്രതീക്ഷിക്കുന്ന ചിത്രമാണ്. മോഹൻലാലിന്റെ കഥാപാത്രത്തെ മാത്രം വെച്ചു ചിത്രീകരിച്ച സിനിമ ആണ് ഇതെന്ന് ചിത്രത്തിന്റെ ടൈറ്റിലും റിപ്പോർട്ടുകളും സൂചിപ്പിക്കുന്നുണ്ട്. ചിത്രത്തിന് തിരക്കഥ ഒരുക്കിയത് രാജേഷ് ജയരാമൻ ആണ്. അഭിനന്ദൻ രാമാനുജം ഛായാഗ്രഹണം നിർവ്വഹിക്കുന്ന ചിത്രത്തിന്റെ എഡിറ്റിംഗ് ഡോൺ മാക്സ് നിർവഹിക്കുന്നു. ജേക്സ് ബിജോയ് പശ്ചാത്തല സംഗീതം ഒരുക്കുന്നു.
അതേ സമയം, ‘മോൺസ്റ്റർ’ ആകട്ടെ ഉദയകൃഷ്ണയുടെ തിരക്കഥയിൽ വൈശാഖ് സംവിധാനം ചെയ്യുന്ന ചിത്രമാണ്. മലയാളത്തിൽ പരീക്ഷിക്കാത്ത ഒരു ത്രില്ലർ ചിത്രമായിരിക്കും ഇതെന്ന സൂചനകൾ ഈ ചിത്രത്തെ സംബന്ധിച്ചു ലഭിക്കുന്നുണ്ട്. ഉദയകൃഷ്ണയുടെ വേറിട്ടതും ഒപ്പം അദ്ദേഹത്തിന്റെ കരിയർ ബെസ്റ്റ് എന്നും വിശേഷിപ്പിക്കാവുന്ന തിരക്കഥ ആകും ഇതെന്ന് സംവിധായകൻ വൈശാഖ് അഭിമുഖങ്ങളിൽ പറഞ്ഞിരുന്നു. എന്ത് തന്നെയായാലും, പൂർത്തിയായ ഈ മൂന്ന് മോഹൻലാൽ ചിത്രങ്ങളുടെ അപ്ഡേറ്റ്സിനായി കാത്തിരിക്കുക ആണ് ആരാധകർ.