സിരകളിൽ ആവേശം നിറച്ച് ‘L2E’ ലോഞ്ച് വീഡിയോ എത്തി…

ലൂസിഫറിൻ്റെ രണ്ടാം ഭാഗമായ എമ്പുരാൻ (L2E) എന്ന ചിത്രത്തിൻ്റെ ലോഞ്ച് വീഡിയോ പുറത്തിറങ്ങി. സൂപ്പർതാരം മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൻ്റെ ലോഞ്ച് വീഡിയോ അഞ്ച് ഭാഷകളിൽ ആണ് റിലീസ് ആയിരിക്കുന്നത്. ലൂസിഫറിൻ്റെ കഥ ഒരിക്കൽ കൂടി ഓർമിപ്പിക്കുന്ന തരത്തിൽ ആണ് 2 മിനിറ്റ് 34 സെക്കൻ്റ് ദൈർഘ്യമുള്ള വീഡിയോ ഒരുക്കിയിരിക്കുന്നത്. സിരകളിൽ ആവേശം നിറയ്ക്കുന്ന തരത്തിൽ ആണ് വീഡിയോ എന്ന് വിശേഷിപ്പിക്കാം.
ലോഞ്ച് വീഡിയോയിൽ മറ്റ് ചില വിവരങ്ങൾ കൂടി ഉൾപ്പെടുത്തിയിട്ടുണ്ട്. ആദ്യം ഭാഗം ആശിർവാദ് സിനിമാസ് തനിയെ ആണ് നിർമ്മിച്ചത് എങ്കിൽ ഇത്തവണ വമ്പൻ പ്രൊഡക്ഷൻ ഹൗസ് കൂടി അവരോടൊപ്പം രണ്ടാം ഭാഗത്തിൽ സഹകരിക്കുന്നുണ്ട്. ലൈക്ക പ്രൊഡക്ഷൻസ് ആണ് ഇത്തരത്തിൽ ആശിർവാദ് സിനിമാസിൻ്റെ നിർമ്മാണ പങ്കാളികളായി എത്തുന്നത്. ഒക്ടോബർ അഞ്ച് മുതൽ ആണ് ചിത്രീകരണം ആരംഭിക്കുന്നത്.
ആദ്യ ഭാഗത്തെ പോലെ മുരളി ഗോപി തിരക്കഥ രചിക്കുന്ന ചിത്രത്തിന് സംഗീത സംവിധാനം നിർവഹിക്കുന്നത് ദീപക് ദേവ് ആണ്. സുജിത്ത് വാസുദേവ് ആണ് ക്യാമറ കൈകാര്യം ചെയ്യുന്നത്. സ്റ്റണ്ട് സിൽവ ആക്ഷൻ ഒരുക്കുന്ന ചിത്രത്തിൻ്റെ എഡിറ്റർ അഖിലേഷ് മോഹൻ ആണ്. വീഡിയോ: