ജയസൂര്യയുടെ ത്രില്ലർ ചിത്രം ‘ഈശോ’ ഒടിടിയിൽ സ്‌ട്രീമിംഗ് ആരംഭിച്ചു…
ഒക്ടോബർ 5ന് ഒടിടി റിലീസ് പ്രഖ്യാപിച്ച ത്രില്ലർ ചിത്രമാണ് ‘ഈശോ’. ജയസൂര്യ നായക വേഷത്തിൽ എത്തുന്ന ഈ ത്രില്ലർ ചിത്രം ഒരു ദിവസം മുന്നേ (ഒക്ടോബര്‍ 4ന്) സ്‌ട്രീമിംഗ് ആരംഭിച്ചിരിക്കുക ആണിപ്പോൾ. നാദിർഷ സംവിധാനം ചെയ്ത ഈ ചിത്രം സോണി ലിവിൽ ആണ് റിലീസ് ആയിരിക്കുന്നത്. ഒരു ജയസൂര്യ ചിത്രത്തിന് ലഭിക്കുന്ന ഏറ്റവും ഉയർന്ന ഒടിടി റൈറ്റ്‌സ് ആണ് ചിത്രത്തിന് ലഭിച്ചത് എന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
ജയസൂര്യയ്ക്ക് ഒപ്പം ജാഫർ ഇടുക്കി, നമിത പ്രമോദ് എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്. ജോണി ആന്റണി, ഇന്ദ്രൻസ്, സുരേഷ് കൃഷ്ണ, കോട്ടയം നസീർ, അക്ഷര കിഷോർ എന്നിവർ ആണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കൾ. സുനീഷ് വരനാട് ആണ് ചിത്രത്തിന് കഥയും തിരക്കഥയും ഒരുക്കിയത്.
അരുൺ നാരായൺ നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം റോബി വർഗീസ് രാജ് ആണ് നിര്‍വഹിച്ചത്. സംഗീതം ഒരുക്കിയത് സംവിധായകന്‍ നാദിർഷ തന്നെയാണ്. രാഹുല്‍ രാജ് ആണ് പശ്ചാത്തല സംഗീതം ഒരുക്കിയത്. എഡിറ്റിംഗ് ഷമീർ മുഹമ്മദ് നിർവ്വഹിച്ചിരിക്കുന്നു. തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ തുടങ്ങി അഞ്ച് ഭാഷകളിൽ ആണ് ചിത്രം സോണി ലിവില്‍ എത്തിയിരിക്കുന്നത്.
വിവാദങ്ങളും കേസുകൾക്കും ശേഷമാണ് ഈശോ ഇപ്പോൾ ഒടിടിയിൽ എത്തിയിരിക്കുന്നത്. പേര് മൂലമായിരുന്നു ചിത്രം വിവാദത്തിൽ അകപ്പെട്ടത്. പ്രഖ്യാപിച്ച നാൾ മുതൽ ശ്രദ്ധിക്കപ്പെട്ട ചിത്രം കോമഡി ചിത്രങ്ങൾ ഒരുക്കിയ നാദിർഷയുടെ ആദ്യ ത്രില്ലർ ചിത്രം എന്ന നിലയിലും ശ്രദ്ധ നേടിയിരുന്നു. തുടർന്ന് പോസ്റ്ററുകളും ടീസറും എത്തിയപ്പോളും പ്രതീക്ഷകൾ ഉയര്‍ന്നു. ട്രെയിലർ റിലീസിന് ശേഷം ത്രില്ലർ ജോണറിൽ നാദിർഷ മികച്ച ചിത്രം സമ്മാനിക്കും എന്ന് നിരവധി ആരാധകർ സോഷ്യൽ മീഡിയ ചർച്ചകളിൽ കുറിച്ചിരുന്നു. ഇപ്പോൾ ചിത്രം പ്രേക്ഷകർക്ക് മുന്നിൽ എത്തിയിരിക്കുക ആണ്.