in ,

വീണ്ടും ആവര്‍ത്തിച്ചു ആ ദൃശ്യവിസ്മയം; ദൃശ്യം 2 റിവ്യൂ വായിക്കാം…

drishyam 2 review

വീണ്ടും ആവര്‍ത്തിച്ചു ആ ദൃശ്യവിസ്മയം; ദൃശ്യം 2 റിവ്യൂ വായിക്കാം…

മലയാള സിനിമയുടെ എന്നല്ല, ഇന്ത്യൻ സിനിമാ പ്രേക്ഷകർ ഒന്നടങ്കം കാത്തിരുന്ന ചിത്രമാണ് മോഹൻലാലിനെ നായകനാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്ത ദൃശ്യം 2 . ദൃശ്യം എന്ന ആദ്യ ഭാഗം നേടിയ വലിയ ജനപ്രീതി തന്നെയാണ് അതിനു കാരണമായി മാറിയത്. തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ, ചൈനീസ്, സിംഹളീസ് ഭാഷകളിൽ ഒക്കെ റീമേക് ചെയ്യപ്പെട്ട ആദ്യ ഭാഗം കണ്ടു കോരിത്തരിച്ച പ്രേക്ഷകർ വലിയ പ്രതീക്ഷകളോടേയും അതുപോലെ തന്നെ ആദ്യ ഭാഗം പോലെ രണ്ടാം ഭാഗം നന്നാവുമോ എന്ന ആശങ്കയോടെയുമാണ് ദൃശ്യം 2 കാത്തിരുന്നത്. എന്നാൽ ഓരോ പ്രേക്ഷകനേയും തൃപ്തിപ്പെടുത്താൻ കഴിയുന്ന ഒരു ക്ലാസിക്കൽ രണ്ടാം ഭാഗം തന്നെയാണ് ജീത്തു ജോസഫ്- മോഹൻലാൽ ടീം ഒരുക്കിയിരിക്കുന്നത് എന്ന് പറയാം.

drishyam 2 review

ആദ്യ ഭാഗത്തിൽ കഥ പറഞ്ഞു നിർത്തിയിടത്തു നിന്ന് തുടങ്ങുന്ന ഈ ചിത്രം, ജോർജ് കുട്ടിയുടേയും കുടുംബത്തിന്റെയും ആറു വർഷം കഴിഞ്ഞുള്ള ജീവിതമാണ് കാണിച്ചു തരുന്നത്. ഈ ആറു വർഷത്തിനുള്ളിൽ അവരുടെ ജീവിതത്തിൽ വന്ന മാറ്റവും, ആറു വർഷത്തിന് ശേഷം വരുന്ന ഒരു പ്രതിസന്ധിയുമാണ് ചിത്രത്തിന്‍റെ ഇതിവൃത്തം. സസ്പെൻസ് നിറഞ്ഞു നിൽക്കുന്നത് കൊണ്ട് തന്നെ കഥ ഇവിടെ വെളിപ്പെടുത്തുന്നില്ല. ജോർജുകുട്ടി പിടിക്കപെടുമോ, അയാൾ മറവു ചെയ്ത ശവ ശരീരം കണ്ടെത്തുമോ, അയാൾക്ക്‌ ഒരിക്കൽ കൂടി തന്‍റെ കുടുംബത്തെ രക്ഷിക്കാൻ സാധിക്കുമോ എന്നീ ചോദ്യങ്ങളാണ് ഈ ചിത്രത്തെ മുന്നോട്ടു നയിക്കുന്നത്.

ജീത്തു ജോസഫ് എന്ന മാസ്റ്റർ ഡയറക്ടർ ഒരിക്കൽ കൂടി തന്‍റെ ക്രാഫ്റ്റ് നമ്മുക്ക് കാണിച്ചു തരുന്ന ചിത്രമാണ് ദൃശ്യം 2. ഏതു തരം ചിത്രമൊരുക്കാനുമുള്ള കഴിവ് അദ്ദേഹം നമ്മുക്ക് ഇതുവരെയുള്ള തന്‍റെ കരിയറിലൂടെ കാണിച്ചു തന്നിട്ടുണ്ട് എങ്കിലും ത്രില്ലറുകളുടെ രാജാവായാണ് അദ്ദേഹം വിശേഷിപ്പിക്കപ്പെടുന്നത് . ഇതിലും തന്‍റെ ആ മികവ് അദ്ദേഹം കാണിച്ചു തരുന്നു. അദ്ദേഹം തന്നെയൊരുക്കിയ ശക്തമായ തിരക്കഥയുടെ പിൻബലത്തിൽ ഗംഭീരമായ രീതിയിലാണ് ഈ ചിത്രത്തെ മുന്നോട്ടു കൊണ്ട് പോയത്. ആദ്യാവസാനം പ്രേക്ഷകനെ ആകാംഷയുടെ ലോകത്തെത്തിക്കുന്ന ചിത്രം അതിന്‍റെ വൈകാരിക തീവ്രമായ കഥാ സന്ദർഭങ്ങൾ കൊണ്ടും സാങ്കേതിക പൂർണതയുള്ള മേക്കിങ് ശൈലികൊണ്ടും പ്രേക്ഷകന് വളരെയധികം ആസ്വാദ്യകരമായി മാറുന്നുണ്ട്. ഒരു നിമിഷം പോലും പ്രേക്ഷകനെ ബോറടിപ്പിക്കാതെ വളരെ മികച്ച വേഗതയിലും ചിത്രത്തെ മുന്നോട്ടു കൊണ്ട് പോകാൻ ജീത്തു ജോസഫിന് കഴിഞ്ഞു. ഈ ചിത്രത്തിലെ ആവേശം നിറഞ്ഞ കഥാ സന്ദർഭങ്ങളും കഥാപാത്രങ്ങൾ കടന്നു പോകുന്ന വൈകാരികമായ മുഹൂർത്തങ്ങളുമെല്ലാം പ്രേക്ഷകന്‍റെ മുന്നിൽ ഏറ്റവും വിശ്വാസയോഗ്യമായി അവതരിപ്പിക്കുന്നതിൽ ജീത്തു ജോസഫ് എന്ന സംവിധായകനും എഴുത്തുകാരനും പൂർണ്ണമായും വിജയിച്ചിട്ടുണ്ട് എന്നത് എടുത്തു പറയേണ്ട കാര്യമാണ്. പതിഞ്ഞ താളത്തിൽ തുടങ്ങുന്ന ഈ ചിത്രം ഓരോ നിമിഷം കഴിയുമ്പോഴും കൊട്ടിക്കയറുന്നതു ഒരു ഗംഭീര അനുഭവം തന്നെയാണ്.

ജോർജ് കുട്ടിയായി മോഹൻലാൽ നൽകിയത് അതിഗംഭീര പ്രകടനമായിരുന്നു. ഏഴു വർഷം മുൻപേ പ്രേക്ഷകർ ഏറ്റെടുത്തിട്ടുള്ള തന്‍റെ കേന്ദ്ര കഥാപാത്രത്തിന്‍റെ ആത്മാവറിഞ്ഞു ഒരിക്കൽ കൂടി അഭിനയിച്ചു വിസ്മയിപ്പിക്കാനും അതിനാവശ്യമായ സൂക്ഷ്മമായ അംശങ്ങൾ വരെ ശരീര ഭാഷയിൽ കൊണ്ട് വരാനും മോഹൻലാൽ എന്ന പ്രതിഭാസത്തിനു കഴിഞ്ഞിട്ടുണ്ട്. അദ്ദേഹത്തിന്‍റെ അഭിനയ ജീവിതത്തിലെ ഏറ്റവും മികച്ച കഥാപാത്രങ്ങളിൽ ഒന്നാണ് ജോർജുകുട്ടി എന്ന് നിസംശയം പറയാൻ സാധിക്കും. കംപ്ലീറ്റ് ആക്ടർ എന്ന് തന്നെ എന്ത്കൊണ്ട് ലോകം വിളിക്കുന്നു എന്ന് ഒരിക്കൽ കൂടി മോഹൻലാൽ കാണിച്ചു തന്ന ചിത്രമാണ് ദൃശ്യം 2 . മറ്റു കഥാപാത്രങ്ങളെ അവതരിപ്പിച്ച മുരളി ഗോപി, മീന, ഗണേഷ് കുമാർ, സായി കുമാർ, എസ്തർ, അൻസിബ ഹസൻ, ആശ ശരത്, സിദ്ദിഖ്. അഞ്ജലി എന്നിവരും തങ്ങളുടെ വേഷങ്ങൾ ഏറ്റവും ഭംഗിയാക്കി. സതീഷ് കുറുപ്പ് ഒരുക്കിയ ദൃശ്യങ്ങൾ മികച്ച നിലവാരം പുലർത്തിയപ്പോൾ അനിൽ ജോൺസൻ ഒരുക്കിയ പശ്ചാത്തല സംഗീതവും മികച്ചു നിന്നു. പശ്ചാത്തല സംഗീതം ഈ ചിത്രത്തിന് നൽകിയ ശ്കതി എടുത്തു പറഞ്ഞേ പറ്റൂ. സതീഷ് കുറുപ്പ് നൽകിയ ദൃശ്യങ്ങൾ ഏറ്റവും മികച്ച രീതിയിൽ എഡിറ്റ് ചെയ്ത വി എസ് വിനായകും തന്‍റെ ജോലി കൃത്യമായി തന്നെ നിർവഹിച്ചിട്ടുണ്ട്.

ചുരുക്കി പറഞ്ഞാൽ, ദൃശ്യം 2 എന്ന ഈ ചിത്രം ഈ അടുത്ത കാലത്തു മലയാള സിനിമയിൽ വന്നിട്ടുള്ള ഏറ്റവും മികച്ച ത്രില്ലിംഗ് ആയ സിനിമകളിൽ ഒന്നാണ്. ദൃശ്യം പോലെ തന്നെ പതിഞ്ഞ താളത്തില്‍ തുടങ്ങി പിന്നീട് സസ്പെന്സുകളും ട്വിസ്ടുകളോടും കൂടി ത്രില്ലടിപ്പിക്കുന്ന ഈ ചിത്രം ഒരിക്കലും നിരാശ പകരുന്ന ഒന്നായിരിക്കില്ല എന്നുറപ്പാണ്. ആദ്യ ഭാഗം എങ്ങനെ പ്രേക്ഷകരെ കോരിത്തരിപ്പിച്ചോ, അതിനൊപ്പം നിൽക്കുന്ന ഒരു രണ്ടാം ഭാഗം സമ്മാനിച്ച ജീത്തു ജോസഫും, തന്‍റെ മാസ്മരിക പ്രകടനം കൊണ്ട് ഒരിക്കൽ കൂടി വിസ്മയിപ്പിച്ച മോഹൻലാലുമാണ് ഈ ചിത്രത്തിന്‍റെ നട്ടെല്ല്. ഒരിക്കലും നഷ്ടപ്പെടുത്തരുത്, ഈ അപൂർവ സിനിമാനുഭവം…

നെയ്യാറ്റിന്‍കര ഗോപന്‍റെ ആറാട്ട്; മോഹന്‍ലാല്‍ ചിത്രത്തിന്‍റെ ഒഫീഷ്യല്‍ പോസ്റ്റര്‍ എത്തി!

പ്രീസ്റ്റ്‌: ഇടവേളക്ക് ശേഷം തീയേറ്ററുകളിൽ എത്തുന്ന ആദ്യ സൂപ്പർതാര ചിത്രം…!