പുലിമുരുകന് ശേഷം ടോമിച്ചന്‍ മുളകുപാടം നിര്‍മിക്കുന്ന രാമലീല സെപ്റ്റംബര്‍ 28ന് എത്തും. ചാര്‍ളി എന്ന ചിത്രത്തിന്‍റെ നിര്‍മാതാക്കള്‍ മഞ്ജു വാര്യരെ നായികയാക്കി ഒരുക്കുന്ന ഉദാഹരണം സുജാത എന്ന ചിത്രവും അന്നേ ദിവസം തിയേറ്ററുകളില്‍ എത്തും എന്നാണ് ലഭ്യമായ വിവരം.
മലയാളികൾക്ക് ഏറെ പ്രിയങ്കരരായിരുന്ന താര ജോഡികൾ ആയിരുന്നു ജനപ്രിയ നായകൻ ദിലീപും മഞ്ജു വാര്യരും. സ്‌ക്രീനിൽ തങ്ങളുടെ രസതന്ത്രം കൊണ്ട് വിസ്മയം വിരിയിച്ച ഇവർ പിന്നീട് ജീവിതത്തിലും ഒരുമിച്ചു. പക്ഷെ കുറെയേറെ വർഷത്തെ ഇവരുടെ ദാമ്പത്യം രണ്ടു വർഷങ്ങൾക്കു മുൻപാണ് അവസാനിച്ചത്. അതോടെ ഇരുവരെയും ജീവിതത്തിലെ എതിരാളികളായി കണ്ടു തുടങ്ങി പലരും.
മഞ്ജു അഭിനയത്തിന്റെ ലോകത്തേക്ക് വീണ്ടും തിരിച്ചെത്തുകയും മികച്ച കഥാപാത്രങ്ങളിലൂടെ വീണ്ടും പ്രേക്ഷകരുടെ പ്രീയപ്പെട്ട നടിയായി മാറുകയും ചെയ്തു. കെയർ ഓഫ് സൈറാബാനു എന്ന ഈ വർഷം ഇറങ്ങിയ ചിത്രം വിജയമായതു മഞ്ജുവിന്റെ താരമൂല്യം ഉയർത്തുകയും ചെയ്തു. ഇന്നും മലയാള സിനിമയിൽ ഒരു നായികയെ വിശ്വസിച്ചു പണമിറക്കി നിർമ്മാതാക്കൾ മുന്നോട്ടു വരുന്നുണ്ടെങ്കിൽ അത് മഞ്ജു വാര്യർ മാത്രമാണ് എന്ന് പറയേണ്ടി വരും. അങ്ങനെയിരിക്കെ ഈ വരുന്ന പൂജ സീസൺ കാത്തു വെച്ചിരിക്കുന്നത് കേരളാ ബോക്സ് ഓഫീസിൽ ഒരു ദിലീപ് – മഞ്ജു വാര്യർ പോരാട്ടം ആണെന്നാണ് സൂചനകൾ വരുന്നത്.
ദിലീപ് നായകനായ രാമലീല എന്ന ചിത്രം ഒരുപാട് നാളത്തെ കാത്തിരിപ്പിനു ശേഷം ഈ വരുന്ന സെപ്റ്റംബർ 28 നു പ്രദർശനത്തിന് എത്തുമെന്ന് നിർമ്മാതാവ് ടോമിച്ചൻ മുളകുപാടം പ്രഖ്യാപിച്ചു കഴിഞ്ഞു. മാത്രമല്ല ദിലീപിന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ റിലീസിനാണ് ഈ ചിത്രം തയ്യാറെടുക്കുന്നത് എന്നാണ് ലഭിക്കുന്ന വിവരങ്ങൾ പറയുന്നത്.
നവാഗതനായ അരുൺ ഗോപി സംവിധാനം ചെയ്ത ഈ പൊളിറ്റിക്കൽ ത്രില്ലർ രചിച്ചിരിക്കുന്നത് സച്ചി ആണ്. നടി ആക്രമിക്കപ്പെട്ട കേസിൽ ദിലീപ് ജയിലിൽ ആയതിനെ തുടർന്നാണ് കഴിഞ്ഞ ജൂലൈയിൽ റിലീസ് ചെയ്യേണ്ടിയിരുന്ന ഈ ചിത്രം ഇത് വരെ നീണ്ടത്.
എന്നാൽ ഇപ്പോൾ ലഭിക്കുന്ന വിവരങ്ങൾ അനുസരിച്ചു മഞ്ജു വാര്യർ കേന്ദ്ര കഥാപാത്രം ആയി എത്തുന്ന ഉദാഹരണം സുജാത എന്ന ചിത്രവും ഈ വരുന്ന സെപ്റ്റംബർ 28 നു തന്നെ തീയേറ്ററുകളിൽ എത്തും. നവാഗതനായ ഫാന്റം പ്രവീൺ സംവിധാനം ചെയ്ത ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത് നടനായ ജോജു ജോർജ്ജും സംവിധായകനായ മാർട്ടിൻ പ്രക്കാട്ടും ചേർന്നാണ്.
ചാർളി എന്ന സൂപ്പർ ഹിറ്റ് ദുൽകർ ചിത്രത്തിന് ശേഷം ഇവർ ഒരുമിച്ചു നിർമ്മിക്കുന്ന ചിത്രം കൂടിയാണ് ഉദാഹരണം സുജാത. മമത മോഹൻദാസും ജോജു ജോർജ്ജും ഈ ചിത്രത്തിൽ പ്രധാന വേഷത്തിൽ അഭിനയിക്കുന്നുണ്ട്.
രാമലീലയുടെയും ഉദാഹരണം സുജാതയുടെയും ടീസറുകൾ ശ്രദ്ധ നേടിയിരുന്നു. രാമലീലയിലെ ഇന്നലെ പുറത്തിറങ്ങിയ ഗാനവും പ്രേക്ഷക ശ്രദ്ധ നേടുന്നുണ്ട്.