ധനുഷിന്റെ കരിയറിലെ മെഗാ ബഡ്ജറ്റ് ചിത്രമായ ‘ക്യാപ്റ്റൻ മില്ലർ’ പ്രഖ്യാപിച്ചു…
തമിഴ് സൂപ്പർതാരം ധനുഷ് അദ്ദേഹത്തിന്റെ പുതിയ ചിത്രം പ്രഖ്യാപിച്ചു. അരുൺ മാതേശ്വരൻ ഒരുക്കുന്ന ‘ക്യാപ്റ്റൻ മില്ലർ’ ആണ് ധനുഷിന്റെ പുതിയ ചിത്രം. ചിത്രത്തിന്റെ ഒരു മോഷൻ പോസ്റ്റർ വീഡിയോയും ധനുഷ് സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിട്ടുണ്ട്. 1930കളിലെയും 40 കളിലെയും കാലഘട്ടത്തിൽ മദ്രാസ് പ്രസിഡൻസിയിൽ നടക്കുന്ന കഥ പറയുന്ന ഒരു പീരിയഡ് ഫിലിം ആണ് ക്യാപ്റ്റൻ മില്ലർ.
സ്കാർഫ് കൊണ്ട് മുഖം മറച്ച് ബൈക്കിൽ കുതിക്കുന്ന ധനുഷിനെ ആണ് അദ്ദേഹം പങ്കുവെച്ച വീഡിയോയിൽ കാണാൻ കഴിയുന്നത്. ജി വി പ്രകാശ് കുമാറിന്റെ സംഗീതത്തിന്റെ അകമ്പടിയോടെ ആണ് മോഷൻ പോസ്റ്റർ എത്തിയിരിക്കുന്നത്. ധനുഷിന്റെ കരിയറിലെ ഏറ്റവും വലിയ ബഡ്ജറ്റിൽ ഒരുങ്ങുന്ന ചിത്രമാണ് ഇതെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ചിത്രത്തിൽ മൂന്ന് വ്യത്യസ്ത ലുക്കിൽ ധനുഷ് പ്രത്യക്ഷപ്പെടും എന്നും വാർത്തകൾ വരുന്നുണ്ട്. തമിഴ്, തെലുങ്ക്, ഹിന്ദി പതിപ്പുകളിൽ ചിത്രം പുറത്തിറങ്ങും. വീഡിയോ കാണാം:
സെന്തിൽ ത്യാഗരാജനും അർജ്ജുൻ ത്യാഗരാജനും ചേർന്ന് നിർമ്മിക്കുന്ന ചിത്രം സത്യ ജ്യോതി ഫിലിംസിന്റെ ടി ജി ത്യാഗരാജൻ ആണ് അവതരിപ്പിക്കുന്നത്. ബാഹുബലി ഫ്രാഞ്ചൈസി, ആർആർആർ, പുഷ്പ തുടങ്ങിയ ചിത്രങ്ങളുടെ തമിഴ് പതിപ്പിലിൽ പ്രവർത്തിച്ച മധൻ കർക്കി ആണ് ഈ ചിത്രത്തിന് ഡയലോഗുകൾ എഴുതുന്നത്. ശ്രേയാസ് കൃഷ്ണ ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിന്റെ എഡിറ്റർ നഗൂരൻ ആണ്. കലാ സംവിധാനം ടി രാമലിംഗം. ജി.വി പ്രകാശ് ആണ് സംഗീതം ഒരുക്കുന്നത്.
അതേസമയം, ധനുഷിന്റെ ഹോളിവുഡ് അരങ്ങേറ്റ ചിത്രം ദ് ഗ്രേ മാൻ റിലീസിന് ഒരുങ്ങുക ആണ്. ക്രിസ് ഇവാൻസ്, റയാൻ ഗോസ്ലിംഗ്, അന ഡി അർമാസ് എന്നിവർ അഭിനയിച്ച ഈ ചിത്രം ജൂലൈ 22 ന് റിലീസ് ചെയ്യും. ഒടിടി റിലീസ് ആയി എത്തുന്ന ചിത്രം നെറ്റ്ഫ്ലിക്‌സ് ആണ് സ്‌ട്രീം ചെയ്യുന്നത്. ധനുഷിന്റെ അവസാന റിലീസ് ചിത്രമായ മാരനും
ഒടിടി റിലീസ് ആയാണ് പ്രേക്ഷകർക്ക് മുന്നിൽ എത്തിയത്. ഡിസ്‌നി പ്ലസ് ഹോട്ട്സ്റ്റാർ ആയിരുന്നു ചിത്രം സ്‌ട്രീം ചെയ്തത്.