മണിക്കൂറുകൾക്കകം മെഗാസ്റ്ററിന്റെ ‘വാൾട്ടയർ വീരയ്യ’ ഒടിടിയിൽ എത്തും; ട്രെയിലർ…
മെഗാസ്റ്റാർ ചിരഞ്ജീവി നായകനായ ഏറ്റവും പുതിയ തിയേറ്റർ റിലീസ് ആയ ‘വാൾട്ടയർ വീരയ്യ’ മണിക്കൂറുകൾക്കകം ഒടിടിയിൽ സ്‌ട്രീം ചെയ്‌ത് തുടങ്ങും. ഒടിടി പ്ലാറ്റ്ഫോമായ നെറ്റ്ഫ്ലിക്സിൽ ഇന്ന് രാത്രി 12 മണിയോടെ (ഫെബ്രുവരി 27, 12 AM) ആണ് ചിത്രം റിലീസ് ചെയ്യുന്നത്. ബോബി സംവിധാനം ചെയ്ത ഈ ചിത്രം ജനുവരി 13ന് ആയിരുന്നു തിയറ്ററുകളിൽ എത്തിയത്. 45 ദിവസത്തിന് ശേഷം ആണിപ്പോൾ ചിത്രം ഡിജിറ്റൽ റിലീസായി പ്രേക്ഷകർക്ക് മുന്നിൽ എത്തുന്നത്.
ഒരു ഔട്ട്-ആൻഡ്-ഔട്ട് കൊമേഴ്‌സ്യൽ എന്റർടെയ്‌നർ ആയ ഈ ചിത്രം ചിരഞ്ജീവിയ്ക്ക് ഒരു വമ്പൻ തിരിച്ചുവരവ് ആയിരുന്നു നൽകിയത്. ആചാര്യ, ഗോഡ്ഫാദർ എന്നീ ചിത്രങ്ങളുടെ വൻ പരാജയത്തിന് ശേഷം എത്തിയ ഈ ചിത്രം ചിരഞ്ജീവിയുടെ കരിയറിലെ തന്നെ ഏറ്റവും ലാഭകരമായ ചിത്രമായി മാറുകയായിരുന്നു. അതുകൊണ്ട് തന്നെ ആരാധകർ വളരെയധികം കാത്തിരിക്കുന്ന ഒരു ഒടിടി റിലീസ് ആണ് ഈ ചിത്രത്തിന്റേത്.
തെലുങ്കിലെ മറ്റൊരു സൂപ്പർതാരമായ രവി തേജയും ചിത്രത്തിൽ ഒരു പ്രധാന വേഷത്തിൽ എത്തിയിരുന്നു. ചിരഞ്ജീവിയുമായുള്ള താരത്തിന്റെ കോംബോ രംഗങ്ങൾക്ക് വലിയ സ്വീകാര്യത ആയിരുന്നു ആരാധകരിൽ നിന്ന് ലഭിച്ചത്. ശ്രുതി ഹാസൻ നായികയായ ഈ ചിത്രത്തിൽ രാജേന്ദ്ര പ്രസാദ്, പ്രകാശ് രാജ് എന്നിവർ ആയിരുന്നു മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. വാൾട്ടയർ വീരയ്യയ്ക്ക് സംഗീതം ഒരുക്കിയത് ദേവി ശ്രീ പ്രസാദ് ആണ്. മൈത്രി മൂവി മേക്കേഴ്‌സ് ആണ് ഈ ചിത്രം നിർമ്മിച്ചത്.