“ഞെട്ടിപ്പിക്കാൻ മമ്മൂട്ടി”; ‘ഭ്രമയുഗ’ത്തിന്റെ ഭാഗങ്ങൾ താരം പൂർത്തിയാക്കി…

ഒരൊറ്റ ഫസ്റ്റ് ലുക്ക് പോസ്റ്ററോട് കൂടി സോഷ്യൽ മീഡിയയിൽ മലയാള സിനിമ പ്രേക്ഷകരുടെ ശ്രദ്ധ പിടിച്ചുപറ്റിയ ചിത്രമാണ് ഭ്രമയുഗം. കറപിടിച്ച പല്ലുകളും നരച്ച താടിയും മുടിയുമുള്ള മമ്മൂട്ടിയുടെ ഒരു പുതിയ മേക്കോവർ ആയിരുന്നു അദ്ദേഹത്തിന്റെ ജന്മദിനമായ സെപ്തംബർ 7 ന് പുറത്തിറങ്ങിയ ഫസ്റ്റ് ലുക്ക് പോസ്റ്ററിന്റെ പ്രധാന ഹൈലൈറ്റ്. രാഹുൽ സദാശിവന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന ഈ ചിത്രത്തിലെ മമ്മൂട്ടി ഭാഗങ്ങളുടെ ചിത്രീകരണം പൂർത്തിയായിരിക്കുകയാണ്.
ആഗസ്റ്റ് 17 ന് ആയിരുന്നു ഭ്രമയുഗത്തിന്റെ ചിത്രീകരണം ആരംഭിച്ചത്. ഒകോടോബർ പകുതിയോട് കൂടി ചിത്രീകരണം പൂർത്തിയാകും. ഹൊറർ-ത്രില്ലർ വിഭാഗത്തിൽ ഒരുങ്ങുന്ന ചിത്രത്തിൽ വലിയ പ്രതീക്ഷ ആണ് പ്രേക്ഷകർക്ക് ഉള്ളത്. ഭൂതകാലം എന്ന ഹൊറർ ചിത്രത്തിലൂടെ തരംഗം സൃഷ്ടിച്ച സംവിധായകൻ രാഹുൽ സദാശിവനാണ് ഈ ചിത്രം ഒരുക്കുന്നത് എന്നതും മമ്മൂട്ടിയുടെ മുൻപ് കണ്ടിട്ടില്ലാത്ത തരത്തിലുള്ള മേക്കോവറും ഒക്കെ ആരാധകരുടെ ആകാംക്ഷ വർധിപ്പിക്കുന്നുണ്ട്. നെഗറ്റീവ് റോളിൽ ആണ് മമ്മൂട്ടി ഈ ചിത്രത്തിൽ എത്തുന്നത് എന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
പ്രശസ്ത സാഹിത്യകാരൻ ടി ഡി രാമകൃഷ്ണനാണ് ചിത്രത്തിനായി സംഭാഷണങ്ങൾ ഒരുക്കിയിരിക്കുന്നത്. നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസ് എൽഎൽപി, വൈ നോട്ട് സ്റ്റുഡിയോ ബാനറിൽ ചക്രവർത്തി രാമചന്ദ്രയും എസ് ശശികാന്തും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. മമ്മൂട്ടിയ്‌ക്കൊപ്പം, അർജുൻ അശോകൻ, സിദ്ധാർത്ഥ് ഭരതൻ, അമാൽഡ ലീസ് എന്നിവരാണ് ഈ ചിത്രത്തിൽ അഭിനയിക്കുന്നത്. കൊച്ചി, ഒറ്റപ്പാലം എന്നിവിടങ്ങളിൽ ആണ് ഭ്രമയുഗത്തിന്റെ ചിത്രീകരണം.