‘ബ്രഹ്മാസ്ത്രം’ പുറത്തെടുത്ത് ബോളിവുഡ്; ഒന്നാം ഭാഗത്തിന്റെ ട്രെയിലർ എത്തി…
തെന്നിന്ത്യൻ സിനിമകൾ ഇന്ത്യ ഒട്ടാകെ ആരവം തീർക്കുമ്പോൾ ബോളിവുഡിന്റെ പ്രതീക്ഷ നിറയുന്ന ഒരു ചിത്രമുണ്ട്. അയൻ മുഖർജി ഒരുക്കുന്ന ബ്രഹ്മാസ്ത്ര ആണ് ആ ചിത്രം. രൺബിർ കപൂർ, അമിതാബ് ബച്ചൻ, ആലിയ ഭട്ട്, നാഗാർജ്ജുന, മൗനി റോയ് എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന ബ്രഹ്മാസ്ത്ര മൂന്ന് ഭാഗങ്ങൾ ആയി ഇറങ്ങുന്ന ചിത്രമാണ്. ഇതിലെ ഒന്നാം ഭാഗമായ ‘ബ്രഹ്മാസ്ത്ര പാർട്ട് 1 ശിവ’ റിലീസിന് തയ്യാറെടുക്കുക ആണ്. ഇന്ന് ഈ ചിത്രത്തിന്റെ ട്രെയിലറും നിർമ്മാതാക്കൾ പുറത്തിറക്കി.
വിഎഫ്എക്‌സ് രംഗങ്ങളും രൺബിർ ആലിയ ജോടികളുടെ രംഗങ്ങളും നിറഞ്ഞു നിൽക്കുന്ന ട്രെയിലർ സംഗീതം കൊണ്ടും ശ്രദ്ധേയമാണ്. രൺബിർ ശിവ ആയി എത്തുമ്പോൾ ആലിയ ഇഷ എന്ന കഥാപാത്രമാകുന്നു. ശിവ – ഇഷ പ്രണയവും ബ്രഹ്മാസ്ത്രവുമായി ശിവയ്ക്ക് ഉള്ള ബന്ധവും ഒക്കെയാണ് മൂന്ന് ഭാഗമായി ഇറങ്ങുന്ന ചിത്രത്തിന്റെ ഒന്നാം ഭാഗത്തിൽ പറയുന്നത്. ട്രെയിലർ:
അസ്ത്രവേഴ്സ് എന്നൊരു സിനിമാറ്റിക്ക് യൂണിവേഴ്സിനും ഈ ചിത്രത്തിലൂടെ തുടക്കമാകുന്നുണ്ട് എന്ന് ട്രെയിലർ വെളിപ്പെടുത്തുന്നു. പ്രധാന താരങ്ങളെ കൂടാതെ ഷാരൂഖ് ഖാൻ, ദീപിക എന്നിവർ ചിത്രത്തിൽ അതിഥി വേഷത്തിൽ എത്തുന്നുണ്ട് എന്ന റൂമറുകളും പ്രചരിക്കുന്നുണ്ട്. ചിത്രം സെപ്റ്റംബർ 9ന് ആണ് റിലീസ് ചെയ്യുന്നത്. മലയാളം, തമിഴ്, തെലുങ്ക് ,കന്നഡ തുടങ്ങിയ ഭാഷകളിലും ഈ ചിത്രം തിയേറ്ററുകളിൽ എത്തും.