ബിഗ് ബി രണ്ടാം ഭാഗത്തില്‍ ദുൽഖർ സൽമാൻ ഉണ്ടാവില്ല എന്ന് അമൽ നീരദ്
മമ്മൂട്ടിയെ നായകനാക്കി ബിഗ് ബിയുടെ രണ്ടാം ഭാഗം ബിലാല്‍ എന്ന പേരില്‍ സംവിധാനം ചെയ്യാന്‍ ഒരുങ്ങുക ആണ് അമല്‍ നീരദ്. അടുത്ത വർഷം ചിത്രീകരണം ആരംഭിക്കാൻ പ്ലാൻ ചെയ്യുന്ന ഈ ചിത്രത്തിൽ മമ്മൂട്ടിക്കൊപ്പം ദുൽഖർ സൽമാനും ഉണ്ടാകുമെന്നു വാർത്തകൾ പ്രചരിച്ചിരുന്നു. എന്നാൽ ഇപ്പോൾ സംവിധായകൻ തന്നെ ആ വാർത്തകൾ നിഷേധിച്ചു കൊണ്ട് രംഗത്ത് വന്നിരിക്കുകയാണ്. ബിഗ് ബിയുടെ രണ്ടാം ഭാഗത്തിൽ ദുൽഖർ സൽമാൻ ഉണ്ടാവില്ല എന്നും, ദുൽഖറിനായി ഒരു കഥാപാത്രം ഒരുക്കാനുള്ള സ്പേസ് ഈ രണ്ടാം ഭാഗത്തിന്‍റെ കഥയിൽ ഇല്ല എന്നും അമൽ നീരദ് വ്യക്തമാക്കുന്നു.
ബിഗ് ബി സംവിധാനം ചെയ്തു കൊണ്ട് പത്തു വർഷം മുൻപേ സംവിധായകനായി അരങ്ങേറിയ അമൽ നീരദ് അവസാനമായി ഒരുക്കിയ ചിത്രം ദുൽഖർ സൽമാൻ നായകനായ സി ഐ എ ആണ്. പക്ഷെ ഇതുവരെ ഒരു വമ്പൻ ബോക്സ് ഓഫീസ് വിജയം സമ്മാനിക്കാൻ അമൽ നീരദിന് കഴിഞ്ഞിട്ടില്ല. ദുൽഖർ സൽമാൻ ബിഗ് ബി രണ്ടാം ഭാഗത്തില്‍ ഉണ്ടാവില്ല എന്ന് സംവിധായകൻ ഉറപ്പിച്ചു പറഞ്ഞതോടെ മമ്മൂട്ടിയും ദുൽഖറും ഒന്നിക്കുന്ന ഒരു ചിത്രത്തിനായി ആരാധകർ ഇനിയും കാത്തിരിക്കേണ്ടി വരും.
ദുൽക്കറുമായി ജോലി ചെയ്തത് വളരെയധികം ആസ്വദിച്ചു എന്നും ദുൽഖര്‍ ഒരു മികച്ച നടൻ ആണെന്നും പക്ഷെ ഈ ചിത്രത്തിൽ ദുൽഖറിന് അവതരിപ്പിക്കാൻ പറ്റിയ കഥാപാത്രമില്ലെന്നും അമല്‍ നീരദ് പറയുന്നു. ദുൽഖറിന്‍റെ സാന്നിധ്യം ഏതു ചിത്രത്തിനും വലിയ മുതൽക്കൂട്ട് തന്നെയാണെന്നും അമൽ നീരദ് പറഞ്ഞു. ബിഗ് ബി എന്ന ചിത്രത്തിലെ അബു എന്ന കഥാപാത്രത്തെ രണ്ടാം ഭാഗത്തില്‍ ദുൽഖർ അവതരിപ്പിക്കും എന്നാണ് മുന്‍പ് വാര്‍ത്തകള്‍ വന്നത്. പ്രണവ് മോഹൻലാൽ, ഷെയിൻ നിഗം തുടങ്ങിയ പേരുകളും ഈ രീതിയില്‍ പ്രചരിക്കുന്നുണ്ട്.
ഇപ്പോൾ അൻവർ റഷീദ് ഒരുക്കുന്ന ഫഹദ് ഫാസിൽ ചിത്രമായ ട്രാൻസിന്‍റെ തിരക്കിൽ ആണ് അമൽ നീരദ്. അതിനു ശേഷം മാത്രമേ ബിഗ് ബി 2 – ബിലാലിന്‍റെ ജോലിയിലേക്ക് കടക്കൂ എന്ന് അമൽ നീരദ് പറഞ്ഞു. ഇപ്പോൾ ചിത്രത്തിന്‍റെ കഥയെ കുറിച്ച് ഒരു ആശയം മാത്രമേ ആയിട്ടുള്ളു എന്നും തിരക്കഥ രചനയും മറ്റും ഇനി വേണം തുടങ്ങാൻ എന്നും പറഞ്ഞ അമൽ അടുത്ത വർഷം തന്നെ ചിത്രം ആരംഭിക്കാൻ ആണ് ആലോചന എന്നും പറയുന്നു. അമൽ നീരദ് തന്നെ ആയിരിക്കും ചിത്രം നിർമ്മിക്കുക എന്നാണ് സൂചന.