ബിജു മേനോൻ ചിത്രത്തിലൂടെ ചിയാൻ വിക്രം മലയാളത്തിൽ എത്തുന്നു
തെന്നിന്ത്യ മുഴുവൻ ഒട്ടേറെ ആരാധകരുള്ള താരമാണ് തമിഴകത്തിന്‍റെ ചിയാൻ വിക്രം. കരിയറിന്‍റെ തുടക്കകാലത്ത് മലയാള സിനിമയില്‍ ചെറിയ വേഷങ്ങളിലും നായകനായും ഒക്കെ അഭിനയിച്ചിട്ടുള്ള വിക്രം, തമിഴിലെ സൂപ്പർ താരം ആയതിനു ശേഷം മലയാളത്തിൽ അഭിനയിച്ചിട്ടില്ല. എന്നാൽ ഇപ്പോൾ ലഭിക്കുന്ന വിവരങ്ങൾ പ്രകാരം വിക്രം ഉടനെ തന്നെ ഒരു മലയാള സിനിമയുടെ ഭാഗം ആവുകയാണ്. ബിജു മേനോൻ നായകനായി എത്തുന്ന റോസാപ്പൂ എന്ന ചിത്രത്തിൽ അതിഥി താരം ആയാണ് വിക്രം എത്തുന്നത് എന്നാണ് വാർത്തകൾ വരുന്നത്.
തമീൻസ് ഫിലിമ്സിന്‍റെ ബാനറിൽ ഷിബു തമീൻസ് നിർമ്മിക്കുന്ന ചിത്രമാണ് റോസാപ്പൂ. വിനു ജോസഫ് സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന് വേണ്ടി തന്‍റെ രണ്ടു ദിവസത്തെ ഡേറ്റ് ആണ് വിക്രം നൽകിയിരിക്കുന്നത്. കഴിഞ്ഞ വിക്രം ചിത്രം ഇരുമുഖൻ നിർമ്മിച്ചതും ഷിബു തമീൻസ് ആണ്. മാത്രമല്ല ഇനി ഷൂട്ടിംഗ് തുടങ്ങാൻ പോകുന്ന വിക്രം ചിത്രമായ സാമി 2 നിർമ്മിക്കുന്നതും ഷിബു തമീൻസ് തന്നെയാണ്. ആ ബന്ധം വെച്ചാണ് റോസാപ്പൂ എന്ന ചിത്രത്തിൽ അതിഥി വേഷത്തിലെത്താൻ വിക്രം സമ്മതിച്ചതെന്ന്‍ റിപ്പോർട്ടുകൾ പറയുന്നു.
എറണാകുളത്തും ചെന്നൈയിലും കൊടൈക്കനാലിലും ആയി ചിത്രീകരണം പൂർത്തിയാക്കിയ ഈ ചിത്രത്തിൽ ഇനി വിക്രമിന്‍റെ ഭാഗം കൂടിയേ തീർക്കാൻ ബാക്കിയുള്ളു. ചെന്നൈയിൽ വെച്ചായിരിക്കും വിക്രമിന്‍റെ ഭാഗങ്ങൾ ചിത്രീകരിക്കുക. വിജയ് ചന്ദർ ഒരുക്കിയ സ്കെച്ച്, ഗൗതം മേനോൻ ഒരുക്കുന്ന ധ്രുവനച്ചത്തിരം എന്നിവയാണ് വിക്രത്തിന്‍റേതായി ഇനി റിലീസ് ചെയ്യാൻ പോകുന്ന ചിത്രങ്ങൾ.
ധ്രുവം, സൈന്യം, ഇന്ദ്രപ്രസ്ഥം, മാഫിയ, രജപുത്രൻ, ഇതാ ഒരു സ്നേഹ ഗാഥാ, മയൂര നൃത്തം എന്നീ മലയാള ചിത്രങ്ങളിൽ ആണ് വിക്രം ഇതിനു മുൻപേ അഭിനയിച്ചിട്ടുള്ളത്. സൂപ്പർ താരമായതിനു ശേഷം വിക്രം മലയാളത്തിൽ എത്തുന്ന ആദ്യ ചിത്രമെന്ന നിലയിൽ റോസാപ്പൂ ഇപ്പോൾ വലിയ ശ്രദ്ധ നേടുന്നുണ്ട്.