യൂട്യൂബ് ട്രെൻഡിങ്ങിൽ ഒന്നാമനായി മമ്മൂട്ടി ചിത്രം ‘ഭീഷ്മ പർവ്വം’ ടീസര്‍…

മലയാള സിനിമാ പ്രേക്ഷകർ ഏറ്റവുമധികം കാത്തിരിക്കുന്ന ചിത്രങ്ങളിൽ ഒന്നായ മമ്മൂട്ടിയുടെ ഭീഷ്മ പർവ്വത്തിന്റെ ടീസർ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. അമൽ നീരദ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ടീസർ യൂട്യൂബ് ട്രെന്റിൽ ഒന്നാം സ്ഥാനത്ത് തുടരുകയാണ്.
24 മണിക്കൂർ കൊണ്ട് യൂട്യൂബിൽ ചിത്രത്തിന്റെ ടീസർ 29 ലക്ഷം കാഴ്ചകൾ ആണ് നേടിയത്. ഇപ്പോൾ ഈ കണക്ക് 30 ലക്ഷം പിന്നിട്ടിരിക്കുക ആണ്. മൂന്ന് ലക്ഷത്തിൽ അധികം ലൈക്സും ഒരു ലക്ഷത്തിൽ മുപ്പത്തിയയ്യായിരം കമന്റുകളും ടീസറിന് ലഭിച്ചു കഴിഞ്ഞു. മികച്ച അഭിപ്രായങ്ങൾ ആണ് ടീസറിന് ലഭിക്കുന്നത്.
അമൽ നീരദ് സ്റ്റൈൽ മേക്കിങ് ആണ് ടീസറിന്റെ പ്രധാന ആകർഷണം. ഒപ്പം മമ്മൂട്ടിയുടെ സ്റ്റാർഡം മികച്ച രീതിയിൽ പ്രേക്ഷകർക്ക് മുന്നിൽ അവതരിപ്പിക്കാനും ടീസറിന് കഴിഞ്ഞിട്ടുണ്ട്. സിനിമാ ലോകത്ത് നിന്ന് സംവിധായകൻ അൽഫോൻസ് പുത്രൻ അടക്കമുള്ളവരും ടീസറിനെ പ്രശംസിച്ചിട്ടുണ്ട്. രോമാഞ്ചം ആണ് ടീസർ എന്നാണ് അൽഫോൻസ് പുത്രൻ ടീസർ ഷെയർ ചെയ്തു കൊണ്ട് സോഷ്യൽ മീഡിയയിൽ പ്രതികരിച്ചത്.
അമൽ നീരദ് – ദേവദത്ത് ഷാജി കൂട്ട്കെട്ടിൽ ആണ് ചിത്രത്തിന്റെ തിരക്കഥ പൂർത്തിയായത്. ഗ്യാങ്സ്റ്റർ ഡ്രാമ ആയി ഒരുങ്ങുന്ന ചിത്രത്തിന്റെ നിർമ്മാണവും അമൽ നീരദിന്റെ നിർമ്മാണ കമ്പനിയ്ക്ക് ആണ്. സൗബിൻ ഷാഹിർ, ശ്രീനാഥ് ഭാസി, ലെന, കെപിഎസി ലളിത, ഫർഹാൻ ഫാസിൽ, നെടുമുടി വേണു, ജിനു ജോസഫ്, അനസൂയ, വീണ നന്ദകുമാർ തുടങ്ങി നിരവധി താരങ്ങൾ ചിത്രത്തിന്റെ ഭാഗമാണ്. മാർച്ച് മൂന്നിന് ആണ് ചിത്രം തീയേറ്ററുകളിൽ എത്തുന്നത്.