ബാലയ്യയുടെ പിറന്നാൾ ആഘോഷമാക്കാൻ പുതിയ ചിത്രത്തിന്റെ ടീസർ എത്തി…
തെലുങ്ക് സൂപ്പർതാരം ബാലയ്യ എന്ന നന്ദമുരി ബാലകൃഷ്ണയുടെ ജന്മദിനമാണ് നാളെ. താരത്തിന്റെ പിറന്നാൾ ആഘോഷമാക്കാൻ പുതിയ ചിത്രത്തിന്റെ ടീസർ പുറത്തുവിട്ടിരിക്കുക ആണ് നിർമ്മാതാക്കൾ. ഷൂട്ടിങ് പുരോഗമിക്കുന്ന NBK 107 എന്ന താത്കാലിക പേരിൽ അറിയപ്പെടുന്ന ചിത്രത്തിന്റെ ടീസർ ആണ് പുറത്തുവന്നിരിക്കുന്നത്. ഗോപിചന്ദ് മാലിനേനി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ടീസർ മാസ് വിരുന്ന് ആണ് ബാലയ്യയുടെ ആരാധകർക്ക് ഒരുക്കുന്നത്.
ഫസ്റ്റ് ഹണ്ട് എന്ന വിശേഷണത്തോടെ ആണ് ടോളിവുഡിലെ പ്രമുഖ പ്രൊഡക്ഷൻ ഹൗസായ മൈത്രി മൂവി മേക്കേഴ്‌സ് ടീസർ റിലീസ് ചെയ്തിരിക്കുന്നത്. സാൾട്ട് ആൻഡ് പെപ്പർ ലുക്കിൽ ആണ് ബാലകൃഷ്ണ ടീസറിൽ പ്രത്യക്ഷപ്പെടുന്നത്. ആരാധകർക്ക് ഇഷ്ടപ്പെടുന്ന തരത്തിൽ മാസ്സ് ആറ്റിറ്റ്യൂഡിൽ ബാലയ്യയെ അവതരിപ്പിക്കുന്ന ടീസറിൽ ഗംഭീരമായ ഡയലോഗുകളും അദ്ദേഹത്തിന്റെ മാസ്സ് ആറ്റിറ്റ്യൂഡും കാണാൻ കഴിയും. ടീസർ കാണാം:
ഹൈദരാബാദിലാണ് ഇപ്പോൾ ചിത്രീകരണം പുരോഗമിക്കുന്ന ചിത്രത്തിൽ മലയാളത്തിൽ നിന്ന് നടൻ ലാലും അഭിനയിക്കുന്നുണ്ട്. കന്നഡ താരം ദുനിയ വിജയുടെ ടോളിവുഡ് അരങ്ങേറ്റം ഈ ചിത്രത്തിലൂടെ യാഥാർഥ്യമാകും. വില്ലനായി ആണ് വിജയ് ചിത്രത്തിൽ എത്തുക.വരലക്ഷ്മി ശരത്കുമാർ ആണ് ചിത്രത്തിൽ മറ്റൊരു ഒരു പ്രധാന വേഷത്തിൽ എത്തുന്ന താരം.
റിഷി പഞ്ചാബി ആണ് ചിത്രത്തിനായി ക്യാമറ ചലിപ്പിച്ചിരിക്കുന്നത്. എസ് തമൻ സംഗീതം ഒരുക്കുന്നു. പാൻ ഇന്ത്യൻ ഹിറ്റായി മാറിയ അല്ലു അർജ്ജുന്റെ പുഷ്പ, മഹേഷ് ബാബുവിന്റെ സർക്കാരു വാരി പാട്ട എന്നീ ചിത്രങ്ങൾക്ക് ശേഷം മൈത്രി മൂവി മേക്കേഴ്സ് വലിയ ക്യാൻവാസിൽ നിർമ്മിക്കുന്ന ചിത്രം കൂടിയാണ് ഇത്. നവീൻ യേർനേനിയും വൈ രവിശങ്കറും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. പ്രശസ്ത എഴുത്തുകാരൻ സായി മാധവ് ബുറ സംഭാഷണങ്ങൾ ഒരുക്കിയിരിക്കുന്ന ചിത്രത്തിന് ദേശീയ നവിൻ നൂലി എഡിറ്റിംഗും എ എസ് പ്രകാശ് പ്രൊഡക്ഷൻ ഡിസൈനിങ്ങും നിർവ്വഹിക്കുന്നു. രാം-ലക്ഷ്മൺ ടീം സംഘട്ടനങ്ങൾ ഒരുക്കുന്ന ഈ ചിത്രത്തിന്റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ ചന്തു രവിപതിയാണ്.