ബി ഉണ്ണികൃഷ്ണന്‍ ചിത്രത്തില്‍ നായകന്‍ സുരാജ്; ശേഷം മോഹന്‍ലാലുമൊത്ത് ഒരു വമ്പൻ ചിത്രം
ബി ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്ത മോഹൻലാൽ ചിത്രമായ വില്ലൻ മികച്ച പ്രേക്ഷക പ്രതികരണത്തോടെ തിയേറ്ററുകളില്‍ മൂന്നാം വാരത്തിലേക്ക് കടക്കുന്നു. സമീപകാലത്തെ മോഹൻലാലിൻറെ ഏറ്റവും അവിസ്മരണീയ പ്രകടനത്തിനാണ് വില്ലനിലൂടെ കേരളം സാക്ഷ്യം വഹിച്ചത്. മാത്യു മാഞ്ഞൂരാൻ എന്ന കഥാപാത്രം മോഹൻലാലിൻറെ അഭിനയ ജീവിതത്തിലെ തന്നെ ഏറ്റവും മികച്ച കഥാപാത്രങ്ങളിൽ ഒന്നായി മാറി കഴിഞ്ഞു. ഇതിനോടകം 35 കോടിയോളം രൂപയുടെ ബിസ്സിനസ്സ് നടത്തി കഴിഞ്ഞു വില്ലൻ.
ഇപ്പോൾ ലഭിക്കുന്ന വിവരങ്ങൾ പ്രകാരം ബി ഉണ്ണികൃഷ്ണൻ ചെയ്യുന്ന അടുത്ത ചിത്രത്തിലെ നായകൻ സുരാജ് വെഞ്ഞാറമൂട് ആണ്. തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്ന ഫഹദ് ഫാസിൽ- ദിലീഷ് പോത്തൻ ചിത്രം രചിച്ച സജീവ് പാഴൂർ ആയിരിക്കും ഈ ചിത്രത്തിന് രചന നിർവഹിക്കുക. ഇന്ത്യയെ കണ്ടെത്തൽ എന്നാണ് ചിത്രത്തിന് പേരിടാൻ ആലോചിക്കുന്നത് എന്ന് ബി ഉണ്ണികൃഷ്ണൻ പറയുന്നു.
അതിനു ശേഷം ബി ഉണ്ണികൃഷ്ണൻ ഒരുക്കുന്നത് ഒരു വമ്പൻ ചിത്രമായിരിക്കും. മോഹൻലാൽ നായകൻ ആയി എത്തുന്ന ഈ ചിത്രത്തിൽ ഒരു തെലുങ്കു സൂപ്പർ താരവും ഉണ്ടാകുമെന്നു ബി ഉണ്ണികൃഷ്ണൻ പറഞ്ഞു. അല്ലു അർജുൻ ആയിരിക്കും ആ താരം എന്ന സ്ഥിതീകരിക്കാത്ത റിപ്പോർട്ടുകളും വരുന്നുണ്ട്. ഏതായാലും അടുത്ത മോഹൻലാൽ- ബി ഉണ്ണികൃഷ്ണൻ ചിത്രം രണ്ടു വർഷങ്ങൾക്കു ശേഷമേ ഉണ്ടാകു എന്നുറപ്പാണ്. കാരണം മോഹൻലാലിനെ കാത്തിരിക്കുന്നത് ഒട്ടേറെ ബ്രഹ്മാണ്ഡ പ്രൊജെക്ടുകൾ ആണ്.
ഒടിയൻ പൂർത്തിയാക്കുന്ന മോഹൻലാൽ അതിനു ശേഷം അജോയ് വർമ്മ ചിത്രം, ഭദ്രൻ ചിത്രം, പൃഥ്വിരാജ് ചിത്രം, ഷാജി കൈലാസ് ചിത്രം, പ്രിയദർശൻ ചിത്രം, രണ്ടാമൂഴം എന്നിവയാണ് ചെയ്യാൻ തീരുമാനിച്ചിരിക്കുന്നത്. ഇതിനിടെ വേറെ ചില ചെറുതും വലുതുമായ പ്രൊജെക്ടുകളും ഉണ്ടാകും എന്ന് സൂചനയുണ്ട്. അന്യ ഭാഷ ചിത്രങ്ങൾ ഉൾപ്പെടെ മോഹൻലാലിനെ കേന്ദ്ര കഥാപാത്രം ആക്കി ഒരുങ്ങുന്നുണ്ട് എന്നാണ് സൂചനകൾ പറയുന്നത്.