‘അതിശയൻ’ ബാലതാരം നായകൻ ആകുന്ന ‘കളിക്കൂട്ടുകാർ’ ഉടൻ തീയേറുകളിലേക്ക്
ബാലതാരമായി ശ്രദ്ധ നേടിയ ഒരു താരം കൂടി നായകനായി അരങ്ങേറ്റം കുറിക്കാൻ ഒരുങ്ങുകയാണ്. മറ്റാരുമല്ല, അതിശയൻ, ആനന്ദഭൈരവി എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ ദേവദാസ് ആണ് നായകനിരയിലേക്ക് ഉയരുന്നത്. ‘കളിക്കൂട്ടുകാർ’ എന്ന ചിത്രത്തിൽ ആണ് ദേവദാസ് നായകകഥാപാത്രത്തെ അവതരിപ്പിക്കുന്നത്. നടൻ രാമുവിന്റെ മകൻ ആണ് ദേവദാസ്.
ദേവാമൃതം സിനിമ ഹൗസ് നിർമ്മിക്കുന്ന ചിത്രം പി കെ ബാബുരാജ് ആണ് സംവിധാനം ചെയ്യുന്നത്. ഭാസി പടിക്കൽ ആണ് ചിത്രത്തിന്റെ കഥയും തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത്.
ടീനേജ് പ്രായക്കാരായ ആറു സുഹൃത്തുക്കളുടെ അതിജീവനത്തിന്റെയും പോരാട്ടത്തിന്റെയും കഥയാണ് ഈ ചിത്രം പറയുന്നത്. ചെറുപ്പം മുതൽ കളിച്ചു വളർന്നു പിന്നീട് എഞ്ചിനീറിങ് പഠനവുമായി മുന്നോട്ടു പോകുമ്പോൾ അവരുടെ ജീവിതത്തിൽ അപ്രതീക്ഷിതമായി കടന്നു വരുന്ന ചില സംഭവങ്ങളിലൂടെയും വ്യക്തികളിലൂടെയും ആണ് ചിത്രത്തിന്റെ കഥ വികസിക്കുന്നത്.
ആനന്ദ് എന്ന നായക കഥാപാത്രത്തെ ആണ് ദേവദാസ് അവതരിപ്പിക്കുന്നത്. നായിക ആയ അഞ്ചലി എന്ന കഥാപാത്രമായി എത്തുന്നത് നിധി ആണ്. ആക്ഷനും സസ്പെൻസുമൊക്കെ ഉള്ള ഈ ചിത്രം പൂർണമായും ഒരു കംപ്ലീറ്റ് ഫാമിലി എന്റർടെയ്നർ ആയാണ് ഒരുങ്ങുന്നത്.
ആൽവിൻ, സ്നേഹ സുനോജ്, ജെൻസൻ ജോസ്, ഭാമ തുടങ്ങിയവർ ആണ് മറ്റു യുവതാരങ്ങൾ. കൂടാതെ സലിം കുമാർ, ജനാർദനൻ, ഷമ്മി തിലകൻ, കുഞ്ചൻ, ബൈജു, ഇന്ദ്രൻസ്, രഞ്ജി പണിക്കർ, രാമു, ശിവാജി ഗുരുവായൂർ, തുടങ്ങിയ താര നിരയും ചിത്രത്തിൽ അഭിനയിക്കുന്നു.
പ്രദീപ് നായർ ആണ് ഛായാഗ്രാഹകൻ. എഡിറ്റിംഗ് അയൂബ് ഖാൻ. ബിജിബാൽ പശ്ചാത്തല സംഗീതം ഒരുക്കുന്ന ചിത്രത്തിലെ ഗാനങ്ങൾക്ക് ഈണം പകരുന്നത് വിഷ്ണു മോഹൻ സിത്താരയും വിനു തോമസും ചേർന്നാണ്. ഗാനരചന – റഫീഖ് അഹമ്മദ്, ഹരിനാരായണൻ. ചിത്രം ഉടൻ തന്നെ തീയേറുകളിൽ എത്തും.