അഞ്ജലി മേനോന്‍റെ ചിത്രത്തിൽ പ്രണവും നസ്രിയയും ഒന്നിക്കുന്നു?
‘ഹൃദയം’ എന്ന ബ്ലോക്ക്ബസ്റ്റർ ചിത്രം തീയേറ്ററുകളിൽ നിറഞ്ഞോടുകയാണ്. വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ഈ ചിത്രവും നായകൻ പ്രണവ് മോഹൻലാലും സോഷ്യൽ മീഡിയ ഒട്ടാകെ ആഴ്ചകൾ പിന്നിട്ടിട്ടും ട്രെൻഡ് ആയി തുടരുക ആണ്. അത് കൊണ്ട് തന്നെ പ്രണവിന്റെ അടുത്ത ചിത്രം ആർക്കൊപ്പം ആണ് എന്ന് അറിയാൻ വളരെ ആകാംഷയോടെ കാത്തിരിക്കുക ആണ് പ്രേക്ഷകർ.
പ്രണവിന്റെ പുതിയ ചിത്രത്തെ കുറിച്ചുള്ള സ്ഥിരീകരിക്കാത്ത ചില റിപ്പോർട്ടുകൾ പുറത്തുവന്നിരിക്കുകയാണ്. താരത്തിന്റെ അടുത്ത ചിത്രം സംവിധായിക അഞ്ജലി മേനോന് ഒപ്പം ആണെന്ന് ആണ് ഔദ്യോഗികമായി സ്ഥിരീകരിക്കാത്ത ഈ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ചിത്രത്തിൽ മറ്റൊരു പ്രധാന വേഷത്തിൽ നസ്രിയയും എത്തും എന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
പ്രണവിന്റെ അടുത്ത പ്രോജക്റ്റ് അൻവർ റഷീദിന് ഒപ്പം ആണെന്ന തരത്തിലും വാർത്തകൾ പ്രചരിക്കുന്നുണ്ട്. എന്തായാലും ഔദ്യോഗിക പ്രഖ്യാപനം വരുന്നത് വരെ ആരാധകർക്ക് പ്രണവിന്റെ പുതിയ ചിത്രത്തിനെ കുറിച്ച് അറിയാൻ കാത്തിരിക്കേണ്ടി വരും എന്നത് തീർച്ച.
അതേ സമയം, ഇന്ത്യയിലും വിദേശരാജ്യങ്ങളിലും എല്ലാം തീയേറ്ററുകളിൽ മികച്ച പ്രകടനം ആണ്
ഹൃദയം കാഴ്ചവെക്കുന്നത്. മുൻപ് കോവിഡ് കേസുകൾ വർദ്ധിക്കുന്ന സഹചര്യത്തിൽ പ്രദർശനം നിർത്തി വെച്ച കേരളത്തിലെ അഞ്ചു ജില്ലകളിൽ നാല് ജില്ലകളിലെ തിയേറ്ററുകൾ തുറക്കാൻ നിർദ്ദേശം വന്നിട്ടുണ്ട്. ഹൃദയം വീണ്ടും ഈ ജില്ലകളിൽ പ്രദർശനം ആരംഭിക്കുകയാണ്.