“ഹോളിവുഡ് നടന്മാരെക്കാൾ റേഞ്ച്, അദ്ദേഹം ശരിക്കും രാജമാണിക്യം തന്നെയാണ്”: അൽഫോൺസ് പുത്രൻ
അഭിനയം ജന്മനാ കിട്ടിയത് അല്ല, തേച്ച് മിനുക്കി കിട്ടിയത് ആണ് എന്നത് ആണ് മമ്മൂട്ടിയുടെ അഭിനയത്തെ കുറിച്ച് പൊതുവെ പറയാറുള്ളത്. ഇത് തന്നെ സാക്ഷാൽ മമ്മൂട്ടിയും അടുത്തയിടെ ഒരു അഭിമുഖത്തിൽ പറയുക ഉണ്ടായി. തേച്ച് മിനുക്കിയാൽ ഇനിയും മാറ്റ് കൂടും എന്ന് കൂടി അദ്ദേഹം ആ അഭിമുഖത്തില്‍ കൂട്ടിച്ചേർത്തിരുന്നു. ഇപ്പോളിതാ മമ്മൂട്ടിയുടെ അഭിനയത്തെ പ്രശംസിച്ച് രംഗത്ത് വന്നിരിക്കുകയാണ് സംവിധായകൻ അൽഫോൺസ് പുത്രൻ.
‘ഭീഷ്മ പർവ്വം’ എന്ന മമ്മൂട്ടി ചിത്രത്തെ പ്രശംസിച്ച് ഫെയ്‌സ്ബുക്കിൽ അൽഫോൺസ് പുത്രൻ ഇട്ട കുറിപ്പ് ചർച്ചയായപ്പോൾ അതുമായി ബന്ധപ്പെട്ട് ആണ് മമ്മൂട്ടിയെ കുറിച്ച് അദ്ദേഹം പറഞ്ഞത്. ലോകത്തിലെ തന്നെ മികച്ച നടന്മാരിൽ ഒരാളാണ് മമ്മൂട്ടി എന്ന് ഒരു ആരാധകൻ അഭിപ്രായപ്പെട്ടതിനോട് പ്രതികരിക്കുക ആയിരുന്നു അൽഫോൺസ്. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ:
“രാജേഷ്ബാബു രാമലിംഗം വളരെ ശരിയായ വാക്കുകൾ. ക്ലിന്റ് ഈസ്റ്റ്‌വുഡിനേക്കാളും റോബർട്ട് ഡി നിരോയേക്കാളും അൽ പാസിനോയേക്കാളും കൂടുതൽ റേഞ്ച് അദ്ദേഹത്തിനുണ്ടെന്ന് ഞാൻ കരുതുന്നു. എന്റെ അഭിപ്രായത്തിൽ കേരളത്തിന്റെയും തമിഴ്‌നാടിന്റെയും ഇന്ത്യയുടെയും ലോകത്തിന്റെയും ഏറ്റവും വിലയേറിയ രത്നങ്ങളിൽ ഒരാളാണ് അദ്ദേഹം. അദ്ദേഹം ശരിക്കും ഒരു രാജമാണിക്യം തന്നെയാണ്.”
ഭീഷ്മ പർവ്വം സിനിമയെ കുറിച്ച് അദ്ദേഹം പറഞ്ഞത് ഇങ്ങനെ: “മഹത്തരം ആയിരിക്കുന്നു ഭീഷ്മപർവ്വം. മുഴുവൻ അഭിനേതാക്കൾക്കും അണിയറപ്രവർത്തകർക്കും എന്റെ ബഹുമാനവും സ്നേഹവും അറിയിക്കുന്നു. അമൽ നീരദും ആനന്ദ് സി ചന്ദ്രനും സൃഷ്ടിച്ച ലുക്കിനോടും ഫീലിനോടും പ്രത്യേക ഇഷ്ടം”