സ്പൈ ത്രില്ലറുമായി മമ്മൂട്ടിയും അഖിലും; ‘ഏജന്‍റ്’ റിലീസ് തീയതി പ്രഖ്യാപിച്ചു…

0

സ്പൈ ത്രില്ലറുമായി മമ്മൂട്ടിയും അഖിലും; ‘ഏജന്‍റ്’ റിലീസ് തീയതി പ്രഖ്യാപിച്ചു…

യാത്ര എന്ന സിനിമയ്ക്ക് ശേഷം മെഗാസ്റ്റാർ മമ്മൂട്ടിയെ വീണ്ടും തെലുങ്ക് സിനിമയിലേക്ക് എത്തുന്നതിന്റെ സന്തോഷത്തിൽ ആണ് ആരാധകർ. തെലുങ്ക് സൂപ്പർസ്റ്റാർ നാഗാർജ്ജുനയുടെ മകൻ അഖിൽ അക്കിനേനി നായകൻ ആകുന്ന ചിത്രം ഏജന്‍റ് ആണ് തെലുങ്കിൽ ഒരിക്കൽ കൂടി മമ്മൂട്ടിയെ അവതരിപ്പിക്കുന്ന ചിത്രം. ചിത്രത്തിന്റെ അപ്ഡേറ്റുകൾക്ക് എല്ലാം വലിയ സ്വീകരണം ആണ് ലഭിക്കുന്നത്.

സ്പൈ ത്രില്ലർ ആയി ഒരുങ്ങുന്ന ഈ ചിത്രം സുരേന്ദർ റെഡ്‌ഡി ആണ് സംവിധാനം ചെയ്യുന്നത്. ഏജന്‍റ് ടീം ഇപ്പോൾ സിനിമയുടെ റിലീസ് തീയതി പ്രഖ്യാപിച്ചിരിക്കുക ആണ്. ഓഗസ്റ്റ് 12ന് ചിത്രം ലോകമെമ്പാടുമുള്ള തീയേറ്ററുകളിൽ പ്രദർശനത്തിന് എത്തും. ഏജന്‍റ് സിനിമയുടെ ഒരു പോസ്റ്ററും ടീം പുറത്തുവിട്ടിട്ടുണ്ട്.

ദിവസങ്ങൾക്ക് മുൻപ് മമ്മൂട്ടിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്ററും ഏജന്‍റ് ടീം പുറത്തുവിട്ടിരുന്നു. ഒരു ആർമി ഓഫിസർ ആയാണ് മമ്മൂട്ടി ഈ ചിത്രത്തിൽ അഭിനയിക്കുന്നത്. ഹൈദരാബാദിൽ ചിത്രീകരണം തുടരുന്ന ചിത്രത്തിന്റെ സെറ്റിൽ മമ്മൂട്ടിയുടെ ഏറ്റവും പുതിയ റിലീസ് ആയ ഭീഷ്മ പർവ്വത്തിന്റെ വിജയവും ആഘോഷിച്ചിരുന്നു. ഇതിന്റെ വീഡിയോകൾ സോഷ്യൽ മീഡിയയിൽ വൈറൽ ആവുകയും ചെയ്‌തു. ഇത്തരത്തിൽ ചിത്രത്തെ സംബന്ധിച്ചുള്ള വാർത്തകൾ എല്ലാം വലിയ ആവേശത്തോടെ ആണ് ആരാധകർ സ്വീകരിക്കുന്നത്. വീണ്ടും ഒരു അന്യഭാഷാ ചിത്രം മമ്മൂട്ടി തിരഞ്ഞെടുത്തതിൽ വലിയ പ്രതീക്ഷ ആരാധകർക്കും പ്രേക്ഷകർക്കും ഉണ്ട്.

സാക്ഷി വൈദ്യ ആണ് ചിത്രത്തിൽ നായികാ വേഷത്തിൽ എത്തുന്നത്. എകെ എന്റർടൈൻമെന്റ്‌സിന്റെയും സുരേന്ദർ 2 സിനിമയുടെയും ബാനറിൽ രാമബ്രഹ്മം സുങ്കരയാണ് ‘ഏജന്റ്’ നിർമ്മിക്കുന്നത്. ചിത്രത്തിന് സംഗീതം ഒരുക്കുന്നത് ഹിപ് ഹോപ് തമിഴ ആണ്. രാഗുൽ ഹെരിയൻ ധരുമാൻ ക്യാമറ ചലിപ്പിക്കുന്നു. ദേശീയ അവാർഡ് ജേതാവ് നവീൻ നൂലി എഡിറ്റിംങ്ങും അവിനാഷ് കൊല്ല കലാസംവിധാനവും നിർവ്വഹിക്കുന്നു.