മാസ്സ് എന്നാൽ രജനികാന്ത്, അഭിനയം എന്നാൽ മോഹൻലാലും കമല്‍ ഹാസനും: നിവിൻ പോളി
യുവ താരം നിവിൻ പോളി നായകനാകുന്ന റിച്ചി എന്ന തമിഴ് ചിത്രം ഡിസംബർ എട്ടു മുതൽ തീയേറ്ററുകളിൽ എത്തുകയാണ്. ചിത്രത്തിന്‍റെ ഓഡിയോ ലോഞ്ച് രണ്ടു ദിവസം മുൻപേ കഴിഞ്ഞിരുന്നു. അതുപോലെ തന്നെ നിവിൻ പോളി ആരാധകർ ഏറെ കാത്തിരിക്കുന്ന ഈ ചിത്രത്തിന്‍റെ ട്രെയിലർ ഇന്ന് റിലീസ് ചെയ്യുകയാണ്. റിച്ചിയുടെ പ്രമോഷന്‍റെ ഭാഗമായി നിവിൻ പോളി അടുത്തിടെ ഒരു തമിഴ് മാധ്യമത്തിന് കൊടുത്ത ഇന്റർവ്യൂവിൽ പറഞ്ഞ വാക്കുകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമായി മാറി കൊണ്ടിരിക്കുന്നത്.
മാസ്സ് എന്നോ അല്ലെങ്കിൽ ആക്ഷൻ ഹീറോ എന്നൊക്കെ കേൾക്കുമ്പോൾ നിവിന്‍റെ മനസ്സിൽ ആദ്യം വരുന്ന മുഖം ഏതാണ് അല്ലെങ്കിൽ നടൻ ആരാണ് എന്ന് ചോദിച്ചപ്പോൾ രജനികാന്ത് എന്നായിരുന്നു നിവിന്‍റെ ഉത്തരം. അതുപോലെ തന്നെ അഭിനയം അല്ലെങ്കിൽ അഭിനയ മികവ് എന്ന് ആലോചിക്കുമ്പോൾ ആരാണ് മനസ്സിൽ വരുന്ന നടൻ എന്ന് ചോദിച്ചപ്പോൾ മോഹൻലാൽ, കമല്‍ ഹാസൻ എന്നാണ് നിവിൻ പോളി മറുപടി പറഞ്ഞത്. ഏതായാലും നിവിൻ പോളിയുടെ ആ ഉത്തരം മോഹൻലാൽ ആരാധകരും മലയാള സിനിമ പ്രേമികളും ആഘോഷമാക്കി കഴിഞ്ഞു.
നിവിൻ പോളി ആരാധകർ ഏറെ കാത്തിരിക്കുന്ന ചിത്രമാണ് റിച്ചി. നവാഗതനായ ഗൗതം രാമചന്ദ്രൻ സംവിധാനം ചെയ്ത ഈ ചിത്രം ഒരു കന്നഡ ചിത്രത്തിന്‍റെ തമിഴ് റീമേക് ആണ്. നടരാജ് സുബ്രമണ്യം , അശോക് സെൽവൻ, ശ്രദ്ധ ശ്രീനാഥ് , പ്രകാശ് രാജ്, ലക്ഷ്മിപ്രിയ ചന്ദ്രമൗലി എന്നിവരും ഈ ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. നിവിൻ പോളിയുടെ മാസ്സ് ഗെറ്റപ്പ് തന്നെയാണ് ഈ ചിത്രത്തിലേക്ക് ആരാധകരെ ആകർഷിച്ചത്. ചിത്രത്തിന്‍റെ ടീസറും അതുപോലെ തന്നെ മാസ്സ് പോസ്റ്ററുകളും വമ്പൻ ഹിറ്റ് ആയിരുന്നു.
ആനന്ദ് കുമാർ , വിനോദ് ഷൊർണ്ണൂർ എന്നിവർ ചേർന്ന് നിർമ്മിച്ച ഈ ചിത്രം കേരളത്തിൽ എൽ ജെ ഫിലിംസ് വിതരണം ചെയ്യും. ശ്യാമ പ്രസാദ് ചിത്രമായ ഹേ ജൂഡ് ആയിരിക്കും റിച്ചിക്കു ശേഷം തീയേറ്ററുകളിൽ എത്തുന്ന നിവിൻ പോളി ചിത്രം. ഇതിൽ തൃഷ ആണ് നായികാ വേഷത്തിൽ എത്തിയിരിക്കുന്നത്.
റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്യുന്ന കായംകുളം കൊച്ചുണ്ണിയുടെ ഷൂട്ടിംഗ് തിരക്കുകളിൽ ആണിപ്പോൾ നിവിൻ പോളി.