പ്രണയത്തിന്‍റെ പുതിയ കഥ പറഞ്ഞു അഭിയും അനുവും; റിവ്യൂ വായിക്കാം
യുവതാരം ടോവിനോ തോമസ് നായകൻ ആയെത്തിയ മലയാളം – തമിഴ് ദ്വിഭാഷാ ചിത്രം അഭിയുടെ കഥ അനുവിന്‍റെയും തിയേറ്ററുകളില്‍ എത്തി. പ്രശസ്ത ഛായാഗ്രാഹകയും സംവിധായികയായ ബി ആർ വിജയലക്ഷ്മി സംവിധാനം ചെയ്ത ഈ ചിത്രം രചിച്ചിരിക്കുന്നത് ഉദയ് മഹേഷ് ആണ്. തമിഴില്‍ അഭിയും അനുവും പേരിട്ടിരിക്കുന്ന ഈ ചിത്രത്തിന്‍റെ തമിഴ് സംഭാഷണങ്ങൾ രചിച്ചിരിക്കുന്നത് കെ ഷൺമുഖം ആണ്. സരിഗമ ഫിലിം ലിമിറ്റഡ്, യോട് ലീ ഫിലിംസ് എന്നീ ബാനറുകൾ ചേർന്ന് നിർമ്മിച്ച ഈ ചിത്രത്തിന്‍റെ നിർമ്മാണത്തിൽ പ്രശസ്ത സംവിധായകനും ക്യാമറമാനുമായ സന്തോഷ് ശിവനും പങ്കാളിയാണ്. തമിഴ് നടിയായ പിയ ബാജ്പയീ ആണ് ഈ ചിത്രത്തിലെ നായികാ വേഷം കൈകാര്യം ചെയ്തിരിക്കുന്നത്. ടോവിനോ തോമസിന്‍റെ ആദ്യ തമിഴ് ചിത്രം കൂടിയാണ് ഇത്.
പേര് സൂചിപ്പിക്കുന്നത് പോലെ തന്നെ അഭി, അനു എന്നീ യുവാവും യുവതിയും കണ്ടു മുട്ടുന്നതും, അവർക്കിടയിൽ ഉണ്ടാകുന്ന പ്രണയവും അതോടൊപ്പം തന്നെ അവരുടെ ജീവിതവുമായി ബന്ധപ്പെട്ടു ഉണ്ടാക്കുന്ന മറ്റു ചില സംഭവങ്ങളുമാണ് ഈ ചിത്രത്തിന്‍റെ ഇതിവൃത്തം. ഇവരുടെ ജീവിതമാണ് ഈ ചിത്രത്തിലൂടെ പറയുന്നത്.
ഒരു റൊമാന്റിക് ചിത്രം എന്ന നിലയിലും അതുപോലെ ഒരു ഫാമിലി ഡ്രാമ എന്ന നിലയിലും പ്രേക്ഷകരെ രസിപ്പിക്കുന്ന രീതിയിൽ കഥ പറഞ്ഞ ഈ ചിത്രം റിയലിസ്റ്റിക് ആയി ആണ് സംവിധായിക ഒരുക്കിയിരിക്കുന്നത് എന്ന് പറയാം. അതേ സമയം തന്നെ കഥയുടെ ആത്മാവ് നഷ്ടപ്പെടാത്ത രീതിയിൽ തന്നെ വിനോദ ഘടകങ്ങളും ഉൾപ്പെടുത്താൻ സംവിധായികക്കു കഴിഞ്ഞിട്ടുണ്ട്. മനോഹരമായ ഒരു തിരക്കഥയാണ് ഈ ചിത്രത്തിന്‍റെ മറ്റൊരു പ്രത്യേകത. ചിത്രത്തിന്‍റെ കഥയുടെ തീവ്രത ഒട്ടും നഷ്ടപ്പെടാതെ തന്നെ പ്രേക്ഷകനെ പിടിച്ചിരുത്തുന്ന തരത്തിൽ കഥ പറയാൻ സാധിച്ചതിനൊപ്പം തന്നെ ചിത്രം കടന്നു പോകുന്ന വൈകാരിക മുഹൂർത്തങ്ങൾ മനോഹരമായി ആവിഷ്കരിച്ചു കൊണ്ട് പ്രേക്ഷകരെ ആകർഷിക്കാനും സംവിധായികക്കു കഴിഞ്ഞു. . ബി ആർ വിജയലക്ഷ്മി പുലർത്തിയ കയ്യടക്കവും ഈ ചിത്രത്തിന്‍റെ മികവിന് കാരണമായിട്ടുണ്ട് എന്ന് പറയാം.
മായാനദി എന്ന ചിത്രത്തിന് ശേഷം ടോവിനോ തോമസ് ഒരിക്കൽ കൂടി വളരെ സ്വാഭാവികമായും അനായാസമായും മറ്റൊരു കഥാപാത്രത്തിന് ജീവൻ നൽകിയ ചിത്രമാണ് അഭിയുടെ കഥ അനുവിന്‍റെയും എന്ന് പറയാം. ഒരു താരം എന്നതിലുപരി ഒരു നടനെന്ന നിലയിൽ ആണ് ടോവിനോ തന്‍റെ വളർച്ച കാണിച്ചു തരുന്നത്. നായികാ വേഷത്തിൽ എത്തിയ പിയ ബാജ്പയീ മനോഹരമായി ആണ് അനു എന്ന കഥാപാത്രത്തിന് ജീവൻ നൽകിയത്. പിയയുടെ എനർജി ലെവൽ ഗംഭീരമായിരുന്നു എന്ന് പറയാം. കഥാപാത്രങ്ങളെ ഉൾക്കൊണ്ടു തന്നെയാണ് ടോവിനോ തോമസും പിയയും തങ്ങളുടെ കഥാപാത്രങ്ങൾക്ക് ജീവൻ നൽകിയത് എന്നത് ഇരുവരുടെയും മിന്നുന്ന പ്രകടനത്തിൽ നിന്ന് വ്യക്തമാണ്. ഇവർക്കൊപ്പം മറ്റു കഥാപാത്രങ്ങൾക്ക് ജീവൻ നൽകിയ സുഹാസിനി, രോഹിണി, പ്രഭു, മനോബാല എന്നിവരും തങ്ങൾക്കു ലഭിച്ച കഥാപാത്രത്തോട് നൂറു ശതമാനവും നീതി പുലർത്തിയിട്ടുണ്ട്.
അഖിലൻ ഒരുക്കിയ ദൃശ്യങ്ങൾ കഥാന്തരീക്ഷത്തെ ഏറ്റവും മികച്ച രീതിയിൽ പ്രേക്ഷകരുടെ മനസ്സിൽ എത്തിച്ചപ്പോൾ ധരൻ കുമാർ ഒരുക്കിയ സംഗീതവും മികച്ച നിലവാരം ആണ് പുലർത്തിയത് എന്ന് പറയാം ഗാനങ്ങളും അതുപോലെ തന്നെ പശ്ചാത്തല സംഗീതവും ഏറ്റവും മികച്ച രീതിയിൽ തന്നെ അദ്ദേഹം നൽകിയിട്ടുണ്ട് . സുനിൽ ശ്രീ നായർ എന്ന എഡിറ്ററുടെ മികവ് ചിത്രത്തിന് പകർന്നു നൽകിയത് സാങ്കേതിക പൂർണ്ണതയും ഒപ്പം മികച്ച വേഗതയുമാണ്. ഒരു നിമിഷം പോലും ബോറടിപ്പിക്കാതെയാണ് ഈ ചിത്രം മുന്നോട്ടു പോയത്.
ജീവിതത്തോട് ചേർന്ന് നിൽക്കുന്ന രീതിയിൽ കഥ പറഞ്ഞ ഒരു മനോഹര ചിത്രമാണ് അഭിയുടെ കഥ അനുവിന്‍റെയും. വിനോദം പകരുന്നതിനൊപ്പം തന്നെ വളരെ പുതുമയേറിയ ഒരു സിനിമാനുഭവവും പകർന്നു നൽകുന്നു ചിത്രമാണ് ഇത് . എല്ലാത്തരം പ്രേക്ഷകർക്കും ഇഷ്ടമാവുന്ന തരത്തിൽ ഒരുക്കിയ ഒരു വ്യത്യസ്‍തമായ എന്റെർറ്റൈനെർ ആണ് അഭിയുടെ കഥ അനുവിന്‍റെയും.