വൈബ് ഈസ് റിയൽ, ആൾ കൂട്ടത്തിന്റെ ‘ആവേശ’മായി ഇല്ലുമിനാറ്റി പാട്ട്; വീഡിയോ പുറത്ത്…
രോമാഞ്ചം എന്ന ബ്ലോക്ക്ബസ്റ്റർ ചിത്രത്തിലൂടെ ശ്രദ്ധ നേടിയ സംവിധായകൻ ജിത്തു മാധവൻ ഒരുക്കുന്ന പുതിയ ചിത്രമാണ് ആവേശം. ഫഹദ് ഫാസിൽ നായകനാകുന്ന ഈ ചിത്രത്തിലെ മൂന്നാമത്തെ ഗാനം ഇല്ലുമിനാറ്റിയുടെ വീഡിയോ പതിപ്പ് ഇപ്പോൾ ലഭ്യമായിരിക്കുകയാണ്. സുഷിൻ ശ്യാം സംഗീതമൊരുക്കിയ ഈ ഗാനം തിങ്ക് മ്യൂസിക് യൂട്യൂബ് ചാനലിൽ ആണ് റിലീസ് ആയിരിക്കുന്നത്. ചിത്രത്തിലെ രംഗങ്ങൾക്ക് ഒപ്പം പ്രൊമോഷൻ ഇവൻ്റ് സിൽ നിന്നുള്ള ദൃശ്യങ്ങൾ കൂടി ഉൾപ്പെടുത്തിയാണ് വീഡിയോ ഗാനം എത്തിയിരിക്കുന്നത്.
ഇല്ലുമിനാറ്റി ഗാനത്തിന് വരികൾ രചിച്ചത് വിനായക് ശശികുമാർ ആണ്. ഡാബ്സി ആണ് ഗാനം ആലപിച്ചത്. ദിവസങ്ങൾക്ക് മുൻപ് ഈ ഗാനം ഓഡിയോ സ്ട്രീമിങ് പ്ലാറ്റ്ഫോമുകളിൽ റിലീസ് ആയതിന് ശേഷം ആണിപ്പോൾ വീഡിയോ പതിപ്പ് എത്തിയിരിക്കുന്നത്. ജാഡ, ഗലാട്ട എന്നീ ഗാനങ്ങൾക്ക് പിന്നാലെ ആണ് ഇല്ലുമിനാറ്റി എന്ന ഗാനം അണിയറപ്രവർത്തകർ പുറത്തുവിട്ടിരിക്കുന്നത്. വീഡിയോ കാണാം:
ആക്ഷനും കോമെഡിയും ഒരുപോലെ ഇടകലർത്തി ബാംഗ്ലൂർ നഗരത്തിന്റെ പശ്‌ചാത്തലത്തിൽ കഥ പറയുന്ന ചിത്രത്തിൽ രംഗൻ എന്ന ഗുണ്ടയായി ആണ് ഫഹദ് എത്തുന്നത്. ഒരു കൂട്ടം കോളേജ് വിദ്യാർഥികളെയും അവർ ഒരു പ്രശ്നത്തിൽ അകപ്പെടുമ്പോൾ സഹായിക്കാനെത്തുന്ന ഗുണ്ടയുടെയും കഥ ആണ് ചിത്രം പറയുക. ‘രോമാഞ്ചം’ സിനിമയുടെ സ്പിൻ ഓഫ് ആണ് ഈ ചിത്രം എന്ന റിപ്പോർട്ടുകളും മുൻപേ തന്നെ പുറത്തുവന്നിട്ടുണ്ട്. രോമാഞ്ചത്തില്‍ നിരൂപ് എന്ന കഥാപാത്രത്തെ അവതരിപ്പിച്ച സജിൻ ഗോപു രോമാഞ്ചം ടീസറിൽ സജീവ സാന്നിധ്യമായി നിറഞ്ഞു നിൽക്കുകയും ചെയ്തിരുന്നു.
അന്‍വര്‍ റഷീദ് എന്‍റര്‍ടൈന്‍മെന്‍റ്സിന്‍റെ ബാനറില്‍ അന്‍വര്‍ റഷീദും ഫഹദ് ഫാസില്‍ ആൻഡ് ഫ്രണ്ട്സിന്‍റെ ബാനറിൽ നസ്രിയയും ചേർന്നാണ് ആവേശം നിർമ്മിച്ചിരിക്കുന്നത്. ഫഹദ് ഫാസിലിനെ കൂടാതെ മൻസൂർ അലി ഖാൻ, ആശിഷ് വിദ്യാർഥി, സജിൻ ഗോപു, പ്രണവ് രാജ്, മിഥുൻ ജെ എസ്, റോഷൻ ഷാനവാസ്, ശ്രീജിത്ത് നായർ, പൂജ മോഹൻരാജ്, നീരജ രാജേന്ദ്രൻ, തങ്കം മോഹൻ എന്നിവരും ഈ ചിത്രത്തിന്റെ താര നിരയുടെ ഭാഗമാണ്. സമീർ താഹിർ ക്യാമറ കൈകാര്യം ചെയ്ത ചിത്രത്തിന്റെ എഡിറ്റർ വിവേക് ഹർഷൻ ആണ്. ഈ വരുന്ന ഏപ്രിൽ പതിനൊന്നിന് ആണ് ചിത്രം തിയേറ്ററുകളിൽ എത്തുക.
Content Summary: Aavesham Illuminati Song released