സൂപ്പർ സ്റ്റാർഡം ആഘോഷിക്കാൻ ‘ആറാട്ട്’ ട്രെയിലർ ഉടൻ; വിശേഷങ്ങൾ പങ്കുവെച്ച് ബി ഉണ്ണികൃഷ്ണൻ…
മരക്കാറിന് ശേഷം തീയേറ്ററുകളിൽ ഇനി എത്തുന്ന മോഹൻലാൽ ചിത്രമാണ് ആറാട്ട്. ഫെബ്രുവരിയിലാണ് ചിത്രത്തിന്റെ റിലീസ് നിശ്ചയിച്ചിട്ടുള്ളത്. സൂപ്പർ സ്റ്റാർഡം ആഘോഷമാക്കുന്ന ഒരു മാസ് എന്റർടൈന്മെന്റ് ആണ് ആരാധകർ ഈ ചിത്രത്തിൽ പ്രതീക്ഷിക്കുന്നത്. ചിത്രത്തിനായി ആരാധകർ കാത്തിരിക്കുമ്പോൾ പുതിയ വിശേഷങ്ങൾ പങ്കു വെക്കുകയാണ് ചിത്രത്തിന്റെ സംവിധായകൻ ബി ഉണ്ണികൃഷ്ണൻ.
ആറാട്ടിന്റെ ഡബ്ബിങ് ഇന്ന് മോഹൻലാൽ പൂർത്തിയാക്കിയതായി ബി ഉണ്ണികൃഷ്ണൻ അറിയിച്ചു. ട്രെയിലർ ഇനി അധികം വൈകാതെ തന്നെ പ്രേക്ഷകരിലേക്ക് എത്തും എന്ന് അദ്ദേഹം പറഞ്ഞു. ഫെയ്ക്ബുക് പോസ്റ്റിലൂടെ ആണ് അദ്ദേഹം ഇക്കാര്യങ്ങൾ അറിയിച്ചത്. മോഹൻലാലിനും ടീമിനും ഒപ്പം ഡബ്ബിങ് സ്റ്റുഡിയോയിൽ നിന്നുള്ള ചിത്രങ്ങളും ബി ഉണ്ണികൃഷ്ണൻ പുറത്തുവിട്ടു.
ഉദയകൃഷ്ണയുടെ തിരക്കഥയിൽ ആണ് ആറാട്ട് തയ്യാർ ആയത്. തെന്നിന്ത്യൻ താരം ശ്രദ്ധ ശ്രീനാഥ് ആണ് ചിത്രത്തിലെ നായിക. സായ് കുമാർ, സിദ്ദിഖ്, വിജയരാഘവൻ, ജോണി ആന്റണി, നെടുമുടി വേണു, ഇന്ദ്രൻസ്, മാളവിക, രചന നാരായണൻകുട്ടി, സ്വാസിക തുടങ്ങിയവർ ആണ് ചിത്രത്തിലെ മറ്റ് താരങ്ങൾ.
രാഹുൽ രാജ് ആണ് ചിത്രത്തിന്റെ സംഗീത സംവിധായകൻ. വിജയ് ഉലഗനാഥ് ക്യാമറ കൈകാര്യം ചെയ്യുമ്പോൾ എഡിറ്റിംഗ് നിർവഹിക്കുക. ഷമീർ മുഹമ്മദ് ആണ്. സജീഷ് മഞ്ചേരിയും ആർ ടി ഇല്ലുമിനേഷൻസും ചേർന്നാണ് നിർമ്മാണം.