‘ആറാട്ട്’ റിലീസ് പ്രഖ്യാപിച്ചു; ഫെബ്രുവരി 18ന് തീയേറ്ററുകളിൽ എത്തും…

മലയാള സിനിമാ ലോകം ഏറ്റവുമധികം കാത്തിരിക്കുന്ന ചിത്രങ്ങളിൽ ഒന്നാണ് മോഹൻലാലിനെ നായകനാക്കി ബി ഉണ്ണികൃഷ്ണൻ ഒരുക്കുന്ന ‘ആറാട്ട്’. ചിത്രത്തിന്റെ തിയേറ്റർ റിലീസ് തീയതി അണിയറപ്രവർത്തകർ ഇപ്പോൾ ഔദ്യോഗികമായി സ്ഥിരീകരിച്ചിരിക്കുക ആണ്.
ബോക്സ് ഓഫീസിൽ ആവേശം തീർക്കാൻ ചിത്രം ഫെബ്രുവരി 18ന് ലോകമെമ്പാടുമുള്ള തീയേറ്ററുകളിൽ എത്തും. സോഷ്യൽ മീഡിയകളിലൂടെ ചിത്രത്തിന്റെ അണിയറപ്രവർത്തകർ റിലീസ് തീയതി ആരാധകരെ അറിയിച്ചു കഴിഞ്ഞു.
#Aaraattu is all set to hit the theatres worldwide from February 18, 2022. pic.twitter.com/Md0A7mAuad
— Mohanlal (@Mohanlal) February 7, 2022
ദിവസങ്ങൾക്ക് മുൻപ് അണിയറപ്രവർത്തകർ ആറാട്ട് ട്രെയിലർ പുറത്തിറക്കിയിരുന്നു. മികച്ച അഭിപ്രായങ്ങൾ നേടിയ ട്രെയിലർ രണ്ട് ദിവസം കൊണ്ട് 41 ലക്ഷത്തിലധികം കാഴ്ചകൾ ആണ് യൂട്യൂബിൽ നേടിയത്.
പുലിമുരുകന് ശേഷം ഉദയകൃഷ്ണയുടെ തിരക്കഥയിൽ ഒരുങ്ങുന്ന മോഹൻലാൽ ചിത്രത്തിൽ ആരാധകർ പ്രതീക്ഷിക്കുന്നത് കിടിലൻ ആക്ഷൻ രംഗങ്ങൾ അടങ്ങിയ മാസ് എന്റർടൈനർ ആണ്. ട്രെയിലറിൽ മിന്നി മായുന്ന ആക്ഷൻ രംഗങ്ങൾ ആ പ്രതീക്ഷകൾ നിറവേറ്റും എന്ന ഉറപ്പാണ് നൽകുന്നത്.
ശ്രദ്ധ ശ്രീനാഥ് ആണ് ചിത്രത്തിൽ നായികാ വേഷത്തിൽ എത്തുന്നത്. 2015ൽ കോഹിനൂർ എന്ന മലയാള ചിത്രത്തിലൂടെ അരങ്ങേറ്റം നടത്തി ശേഷം വിവിധ തെന്നിന്ത്യൻ ഭാഷകളിൽ അഭിനയിച്ച ശ്രദ്ധയുടെ രണ്ടാമത്തെ മലയാള ചിത്രമാണ് ഇത്. കെജിഎഫ് എന്ന ബ്ലോക്ക്ബസ്റ്റർ ചിത്രത്തിലെ ഗരുഡ എന്ന വില്ലൻ വേഷത്തിൽ എത്തിയ രാമചന്ദ്ര രാജു ആറാട്ടിൽ നെഗറ്റീവ് വേഷത്തിൽ എത്തുന്നുണ്ട്. സിദ്ധിഖ്, സായ് കുമാർ, നെടുമുടി വേണു, വിജയരാഘവൻ, ഇന്ദ്രൻസ്, മാളവിക മേനോൻ തുടങ്ങി വലിയ താര നിര ചിത്രത്തിൽ അണിനിരക്കുന്നു.