in

ആദി ഷൂട്ടിങ് അവസാനിച്ചു; റിലീസ് തീയതി തീരുമാനിച്ചിട്ടില്ലെന്ന് ജീത്തു ജോസഫ്

ആദി ഷൂട്ടിങ് അവസാനിച്ചു; റിലീസ് തീയതി തീരുമാനിച്ചിട്ടില്ലെന്ന് ജീത്തു ജോസഫ്

സൂപ്പര്‍താരം മോഹൻലാലിന്‍റെ മകനായ പ്രണവ് മോഹൻലാൽ മലയാള സിനിമയിൽ നായകനായി അരങ്ങേറുന്ന ചിത്രമാണ് ആദി. മാസ്റ്റർ ഡയറക്ടർ ജീത്തു ജോസഫ് എഴുതി സംവിധാനം ചെയ്ത ഈ ചിത്രത്തിന്റെ ചിത്രീകരണം പൂർത്തിയായതായി ജീത്തു ജോസഫ് തന്റെ ഫേസ്ബുക് പേജിലൂടെ അറിയിച്ചു. ആശീർവാദ് സിനിമാസിന്‍റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമ്മിക്കുന്ന ഈ ചിത്രം, കഴിഞ്ഞ ഓഗസ്റ്റ് ഒന്ന് മുതൽ ആണ് കൊച്ചിയിൽ ചിത്രീകരണം ആരംഭിച്ചത്. അതിനു ശേഷം ബാംഗ്ലൂർ, ഹൈദരാബാദ് എന്നിവിടങ്ങളിലും ഈ ചിത്രത്തിന്‍റെ ഷൂട്ട് ഉണ്ടായിരുന്നു.

ഒരു ആക്ഷൻ ത്രില്ലറായി ഒരുക്കിയിരിക്കുന്ന ഈ ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ സോഷ്യൽ മീഡിയയിൽ തരംഗമായി മാറിയിരുന്നു. ഇനി ചിത്രത്തിന്‍റെ പോസ്റ്റ്-പ്രൊഡക്ഷൻ ജോലികളിലേക്ക് കടക്കുകയാണ് എന്നും റിലീസ് തീയതി ഇത് വരെ തീരുമാനിച്ചിട്ടില്ല എന്നും ജീത്തു ജോസഫ് പറയുന്നു . ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന റിലീസ് തീയതികൾ ഒഫീഷ്യൽ അല്ല എന്നും അദ്ദേഹം അറിയിച്ചു. ആദി ജനുവരി 26 നു എത്തുമെന്ന് നേരത്തെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.

സതീഷ് കുറുപ്പ് ഛായാഗ്രഹണവും അനിൽ ജോൺസൻ സംഗീത സംവിധാനവും നിർവഹിക്കുന്ന ഈ ചിത്രത്തിന്‍റെ എഡിറ്റർ അയൂബ് ഖാൻ ആണ്. പ്രണവ് മോഹൻലാലിന്‍റെ വമ്പൻ ആക്ഷൻ രംഗങ്ങൾ ആണ് ഈ ചിത്രത്തിന്‍റെ പ്രത്യേകത. ആദിയിൽ അഭിനയിക്കാൻ വേണ്ടി പ്രണവ് മോഹൻലാൽ പാർക്കർ പരിശീലനം നേടിയിരുന്നു. വിദേശത്തു നിന്നുള്ള സ്റ്റണ്ട് മെൻ ആണ് പ്രണവിന്‍റെ പാർക്കർ രംഗങ്ങൾ ഒരുക്കിയത്.

സിജു വിൽ‌സൺ, ഷറഫുദീൻ, അനുശ്രീ, സിദ്ദിഖ്, അദിതി രവി, ലെന എന്നിവരും പ്രധാന വേഷങ്ങൾ ചെയ്യുന്ന ഈ ചിത്രത്തിലെ വില്ലൻ വേഷം അവതരിപ്പിക്കുന്നത് പുലിമുരുകനിലൂടെ മോഹൻലാലിന്‍റെ വില്ലൻ ആയി മലയാളത്തിൽ എത്തിയ തെലുങ്ക് സൂപ്പർ താരം ജഗപതി ബാബു ആണ്. ആദിയിൽ അഭിനയിക്കുന്നതിന് മുൻപേ പുനർജനി, ഒന്നാമൻ, സാഗർ ഏലിയാസ് ജാക്കി എന്നീ ചിത്രങ്ങളിൽ അഭിനയിച്ചിട്ടുള്ള പ്രണവ് മോഹൻലാൽ പുനർജനിയിലെ അഭിനയത്തിന് മികച്ച ബാലതാരത്തിനുള്ള സംസ്ഥാന അവാർഡും നേടിയിട്ടുണ്ട്.

സാറ്റലൈറ്റ് റൈറ്റുകൾ

പുതിയ മലയാളം ചിത്രങ്ങളുടെ സാറ്റലൈറ്റ് റൈറ്റുകൾ പുറത്തു; മുന്നിൽ മോഹൻലാൽ ചിത്രങ്ങൾ

ബി ഉണ്ണികൃഷ്ണന്‍ ചിത്രത്തില്‍ നായകന്‍ സുരാജ്; ശേഷം മോഹന്‍ലാലുമൊത്ത് ഒരു വമ്പൻ ചിത്രം