“100 കോടി വേണ്ട, സത്യസന്ധമായ 40 കോടി മതി പവർ സ്റ്റാറിന്”: ഒമർ ലുലു…
സോഷ്യൽ മീഡിയ ചർച്ചകളിൽ ഒരു മടിയും കൂടാതെ ആരാധകർക്ക് മറുപടി നൽകുന്ന വളരെ ചുരുക്കം സെലിബ്രിറ്റികൾ മാത്രമാണ് ആണ് ഉള്ളത്. അത്തരത്തിൽ ആരാധകരുമായി സംവദിക്കുന്ന ഒരു സംവിധായകൻ ആണ് ഒമർ ലുലു. 90 കളിലെ ആക്ഷൻ ചിത്രങ്ങളിൽ തിളങ്ങിയ ബാബു ആന്റണിയെ വീണ്ടും നായകനാക്കി ചിത്രം ഒരുക്കുക ആണ് ഒമർ ലുലു. പവർ സ്റ്റാർ എന്ന് പേരിട്ടിരിക്കുന്ന ഈ ചിത്രത്തിന് ആശംസ നേർന്ന ഒരു ആരാധകന് ഒമർ നൽകിയ മറുപടി ഇപ്പോൾ വൈറൽ ആകുക ആണ്.
പവർ സ്റ്റാർ 100 കോടി ക്ലബ്ബിൽ കയറട്ടെ എന്ന ആശംസ ആണ് ആരാധകൻ നേർന്നത്. ഇതിന് ഒമർ ലുലുവിന്റെ മറുപടി ഇങ്ങനെ: “പവർ സ്റ്റാർ 100 കോടി ക്ലബ്ബിൽ കയറേണ്ട, ആകെ 4 കോടി ബഡ്ജറ്റിൽ ചെയ്യുന്ന പവർ സ്റ്റാർ 100 കോടി ക്ലബ്ബിൽ കയറിയാൽ എനിക്ക് അഹങ്കാരം വരും. അതുകൊണ്ട് സത്യസന്ധമായ ഒരു 40 കോടി ക്ലബ്ബ് മതി.”
ആരാധകന് നൽകിയ ഈ മറുപടി ഒരു സ്ക്രീൻഷോട്ട് ആയി പോസ്റ്റ് ചെയ്യുകയും ചെയ്തു ഒമർ ലുലു. ബാബു ആന്റണി വീണ്ടും ആക്ഷൻ സ്റ്റാർ ആയി എത്തുന്ന ഒമർ ലുലുവിന്റെ പവർ സ്റ്റാർ ആരാധകർക്ക് വലിയ പ്രതീക്ഷയുള്ള ചിത്രമാണ്. ബാബുരാജ്, റിയാസ് ഖാൻ, അബു സലീം തുടങ്ങിയ താരങ്ങളും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. ഹോളിവുഡ് താരം ലൂയിസ് മാൻഡിലറും ചിത്രത്തിന്റെ താരനിരയിൽ ഉണ്ട്. ഡെന്നിസ് ജോസഫിന്റെ തിരക്കഥയാണ് ചിത്രത്തിന്റെ മറ്റൊരു പ്രത്യേകത. ഡ്രഗ്സുമായി ബന്ധപ്പെട്ട ഒരു വാർത്തയിൽ നിന്നാണ് ചിത്രത്തിന്റെ കഥ രൂപപ്പെട്ടത്. ചിത്രത്തിന്റെ ട്രെയിലർ ഉടൻ എത്തും.
പവർ സ്റ്റാർ കൂടാതെ ‘നല്ല സമയം’ എന്നൊരു ചിത്രവും ഒമർ ലുലു ദിവസങ്ങൾക്ക് മുൻപ് പ്രഖ്യാപിച്ചിരുന്നു. നാല് പുതുമുഖങ്ങളെ നായക നിരയിലേക്ക് എത്തിക്കുന്ന ഈ ചിത്രം ഒരു ഫൺ ത്രില്ലർ ആണ്. ഒരു രാത്രിയിൽ നടക്കുന്ന സംഭവങ്ങളെ അടിസ്ഥാനപ്പെടുത്തിയാണ് ചിത്രം ഒരുങ്ങുന്നത്. സിനു സിദ്ധാർത്ഥ് ആണ് ഛായാഗ്രഹണം. ജൂൺ 27ന് ചിത്രീകരണം ആരംഭിക്കും എന്നാണ് വിവരം.