ഓസ്കാറിൽ ഇന്ത്യയുടെ ഒഫീഷ്യൽ എൻട്രി ആയി മലയാളത്തിൻ്റെ ‘2018’…

വീണ്ടും മലയാളത്തിൻ്റെ അഭിമാനമായി മാറുകയാണ് ജൂഡ് ആൻ്റണി ജോസഫ് സംവിധാനം ചെയ്ത ‘2018’ എന്ന മലയാള ചിത്രം. 96-ാമത് അക്കാദമി അവാർഡിൽ മികച്ച അന്താരാഷ്ട്ര ഫീച്ചർ ഫിലിം വിഭാഗത്തിൽ ഇന്ത്യയുടെ ഔദ്യോഗിക എൻട്രിയായി ചിത്രം തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നു. 2018-ൽ കേരളത്തെ നടുക്കിയ പ്രളയത്തിന്റെ പശ്ചാത്തലത്തിൽ ഒരുക്കിയ ചിത്രം ബോക്സ് ഓഫീസിൽ എക്കാലത്തെയും വലിയ വിജയങ്ങളിൽ ഒന്നായി മാറിയിരുന്നു. ഇതിന് പിന്നാലെ ആണിപ്പോൾ ചിത്രം ഓസ്കാറിൽ ഇന്ത്യയുടെ ഒഫീഷ്യൽ എൻട്രി ആയി തിരഞ്ഞെടുക്കപ്പെട്ടത്.
ടൊവിനോ തോമസ്, കുഞ്ചാക്കോ ബോബൻ, ആസിഫ് അലി, വിനീത് ശ്രീനിവാസൻ, നരേൻ, ലാൽ എന്നിവരായിരുന്നു ചിത്രത്തിലെ പ്രധാന താരങ്ങൾ. ശക്തമായ കഥാപറച്ചിലും ആഗോള പ്രശ്നങ്ങളെ അഭിസംബോധന ചെയ്യുന്നതിലുള്ള മികവുമാണ് ചിത്രത്തെ ഈ നേട്ടത്തിലേക്ക് എത്തിച്ചത്. ഇന്ത്യൻ സിനിമയ്ക്കും മലയാള സിനിമയ്ക്കും ലഭിക്കുന്ന അംഗീകാരമാണ് 2018-ന്റെ ഓസ്കാർ തിരഞ്ഞെടുപ്പ്. 2024-ൽ നടക്കുന്ന ഓസ്കാർ ചടങ്ങിൽ ഇന്ത്യയെ പ്രതിനിധീകരിക്കാൻ തയ്യാറെടുക്കുമ്പോൾ ചിത്രം ഒരു ജനതയുടെ പ്രതീക്ഷകളും ആവേശവും ആയി ആണ് എത്തുക. 96-ാമത് അക്കാദമി അവാർഡ് 2024 മാർച്ച് 10-ന് ലോസ് ആഞ്ചലസിലെ ഡോൾബി തിയേറ്ററിൽ നടക്കുക.